ന്യൂഡൽഹി• ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘തീപ്പന്തം’ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ത്രിശൂലവും ഉദയസൂര്യനുമാണ് ഉദ്ധവ് പക്ഷം ചോദിച്ചത്. എന്നാൽ ത്രിശൂലത്തിന്റെ മതപരമായ പ്രത്യേകതയും ഉദയസൂര്യന് ഡിഎംകെയുടെ ചിഹ്നവുമായി സാമ്യമുണ്ടെന്നതും കാരണം ഇവ രണ്ടും കമ്മിഷൻ നിഷേധിച്ചു. ഉദ്ധവ് പക്ഷത്തിന്റെ പേര് ശിവസേന (ഉദ്ധവ് ബാലസാഹബ് താക്കറെ) എന്നും അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ പേര് ബാൽസാഹെബ് ആഞ്ചി ശിവസേന എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്. ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടിരുന്ന മൂന്ന് ചിഹ്നങ്ങളും അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറായില്ല. ത്രിശൂലവും ഗദയും മതപരമായ പ്രത്യേകത കാരണവും ഉദയസൂര്യൻ ഡിഎംകെയും ചിഹ്നവുമായുള്ള സാമ്യം കാരണവുമാണ് നിഷേധിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10ന് മുൻപ് പുതിയ ചിഹ്നം ഏതാണ് വേണ്ടതെന്ന് അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.