പച്ചക്കറികളും പഴങ്ങളുമൊക്കെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്നും അവ തെറിച്ച് റോഡിലേക്ക് വീഴുന്നത് ഒരു പുതുമയല്ല. ഒന്നോ രണ്ടോ എണ്ണമാണ് വീണുപോകുന്നതെങ്കിൽ അതത്ര കാര്യമാക്കാതെ ഡ്രൈവർ യാത്ര തുടരുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഒരു മത്തങ്ങ കഴിഞ്ഞ ദിവസം ബ്രിട്ടനിലെ റോഡിൽ വൻ ഗതാഗതക്കുരുക്കാണുണ്ടാക്കിയത്. അത് എങ്ങനെയാണെന്നല്ലേ? ഒന്നും രണ്ടുമല്ല 1205 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ മത്തങ്ങയാണ് റോഡിലേക്ക് വീണത്.
ഇംഗ്ലണ്ടിലെ ലൈമിങ്ടൺ സ്വദേശികളായ ഇയാൻ, സ്റ്റുവർട്ട് എന്നീ ഇരട്ട സഹോദരന്മാരുടെ ഫാമിൽ വിളഞ്ഞ മത്തങ്ങയാണിത്. കഴിഞ്ഞദിവസം തൂക്കം നോക്കുന്നതിനായി മത്തങ്ങ ബർക്ഷെയറിലേക്ക് എത്തിച്ചിരുന്നു. കൃത്യമായി തൂക്കം പരിശോധിച്ച ശേഷം യുകെയിൽ ഇന്നോളം ഉണ്ടായതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങയാണിത് എന്ന് സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. എന്നാൽ 21.3 കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോർഡ് ഇയാന്റെയും സ്റ്റുവാർട്ടിന്റെയും മത്തങ്ങയ്ക്ക് നഷ്ടമായത്. എങ്കിലും യുകെയിലെ ഏറ്റവും വലിയ മത്തങ്ങ എന്ന പദവി ലഭിച്ചതോടെ സതാംപ്ടണിനു സമീപുള്ള സണ്ണിഫീൽഡ്സ് ഫാമിൽ നടക്കുന്ന പംകിൻ ഫെസ്റ്റിവലിലേക്ക് കൊണ്ടുപോവുകയായിരുന്നു മത്തങ്ങ.
ട്രെയിലറിൽ കെട്ടിവച്ചാണ് മത്തങ്ങ കൊണ്ടുപോയത്. ഫാമിന് തൊട്ടടുത്തുവരെ എത്തിയെങ്കിലും മത്തങ്ങയുടെ ഭാരം കാരണം ട്രെയിലർ ചരിഞ്ഞതോടെ അത് വഴിയരികിലേക്ക് വീഴുകയായിരുന്നു. കൂറ്റൻ മത്തങ്ങ റോഡിൽ നിന്ന് നീക്കം ചെയ്യാൻ മണിക്കൂറുകളാണ് വേണ്ടിവന്നത്. മത്തങ്ങ ഉയർത്തിയെടുക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും അതിന്റെ ഭാരം മൂലം അവയെല്ലാം പരാജയപ്പെട്ടു. ഒടുവിൽ മത്തങ്ങക്ക് ചുറ്റും കെട്ടുകളിട്ട് ഉറപ്പിച്ച ശേഷം ഉയർത്തിയെടുക്കുകയായിരുന്നു. ട്രെയിലറിൽ നിന്നും താഴെ വീണെങ്കിലും മത്തങ്ങയ്ക്ക് ഗുരുതരമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.