കാനഡ ദേശീയ തെരഞ്ഞെടുപ്പിലേക്ക്, പാർലമെൻ്റ് പിരിച്ചുവിട്ടു; ഏപ്രിൽ 28ന് ജനവിധിയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

0
24

ഒട്ടാവ: കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28ന് കാനഡ വിധിയെഴുതും. രാജ്യത്തിൻ്റെ സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണി നേരിടാൻ തനിക്ക് ശക്തമായ ജനവിധി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാർക്ക് കാർണിയുടെ പ്രഖ്യാപനം. ഒക്ടോബർ 20 വരെ ദേശീയ തെരഞ്ഞെടുപ്പിന് സമയമുണ്ടെങ്കിലും ട്രംപ് ഉയ‍ർത്തുന്ന ഭീഷണി മുതലെടുത്ത് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ മുന്നേറ്റമാണ് കാർണി ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ട്രംപിന്റെ അന്യായമായ വ്യാപാര നടപടികളും നമ്മുടെ പരമാധികാരത്തിനെതിരായ ഭീഷണികളും കാരണം കാനഡ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് മാ‍‍ർക്ക് കാർണി പറഞ്ഞു. കാനഡയെ സുരക്ഷിതമാക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കാനഡയിൽ നിക്ഷേപിക്കുക, കാനഡ കെട്ടിപ്പടുക്കുക, കാനഡയെ ഒന്നിപ്പിക്കുക. അതുകൊണ്ടാണ് ശക്തമായ ഒരു അനുകൂല ജനവിധി ആവശ്യപ്പെടുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗവർണർ ജനറലിനോട് അഭ്യർഥിച്ചു, അത് സമ്മതിച്ചുവെന്നും മാർക്ക് കാർണി പറഞ്ഞു.

പ്രധാനമന്ത്രിസ്ഥാനം ജസ്റ്റിൻ ട്രൂഡോ ഒഴിഞ്ഞതോടെയാണ് മാ‍ർക്ക് കാർണി സ്ഥാനമേറ്റെടുത്തത്. മാ‍ർച്ച് 15നായിരുന്നായിരുന്നു മാർക്ക് കാർണി പ്രധാനമന്ത്രിയുടെ ചുമതലയേറ്റത്. ലിബറൽ പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്തുംവരെ മാർച്ച് ഒൻപത് വരെ ട്രൂഡോ കരുതൽ പ്രധാനമന്ത്രിയായി തുടർന്നിരുന്നു. 2015 മുതൽ കാനഡ ഭരിക്കുന്ന ലിബറൽ പാർട്ടി ഈ വർഷം ആദ്യം നടന്ന സ‍ർവേകളിൽ പ്രതിപക്ഷമായ കൺസ‍ർവേറ്റീവ് പാർട്ടിക്ക് പിന്നിൽ പോയിരുന്നു. പിന്നീട് ലിബറൽ പാർട്ടി നില മെച്ചപ്പെടുത്തി. യുഎസുമായുള്ള ത‍‍ർക്കത്തിൽ കാനഡ തിരിച്ചടിക്കുന്നത് ജനങ്ങൾക്കിടയിൽ മതിപ്പുളവാക്കുന്നുവെന്നാണ് ലിബറൽ പാർട്ടിയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്. ഇത് മുതലെടുക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here