IPL2025: വിജയിച്ചുവെന്ന് കരുതിയ ലക്‌നൗവില്‍ നിന്ന് ആ വിജയം തിരിച്ചു പിടിച്ച് ഡല്‍ഹി

0
54

ത്രില്ലര്‍ സിനിമയെ പോലൊരു മത്സരം. വിജയിച്ചുവെന്ന് കരുതിയ ലക്‌നൗവില്‍ നിന്ന് ആ വിജയം തിരിച്ചു പിടിച്ച് ഡല്‍ഹിയും. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പായിച്ച് 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.

210 എന്ന വലിയ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഫാഫ് ഡുപ്ലസി – അക്‌സര്‍ പട്ടേല്‍ സഖ്യം ഡല്‍ഹി ആരാധകര്‍ക്ക് അല്‍പ്പ സമയത്തേയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുവര്‍ക്കുമായില്ല. ഡുപ്ലസി 18 പന്തില്‍ 29 റണ്‍സുമായും അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ 22 റണ്‍സുമായും മടങ്ങി.

മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടിടത്ത് ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ചുമലിലായി. 22 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് 34 റണ്‍സ് നേടി മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. സിദ്ധാര്‍ത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ച സ്റ്റബ്‌സിനെ തൊട്ടടുത്ത പന്തില്‍ സിദ്ധാര്‍ഥ് പുറത്താക്കി. മറുഭാഗത്ത് അശുതോഷ് ശര്‍മ്മയെന്ന പവര്‍ഫുള്‍ ബാറ്റര്‍ നിലയുറപ്പിച്ചതാണ് ലഖ്‌നൗവിന്റെ വിജയം തടഞ്ഞത്. വിപ്‌രാജ് നിഗം – അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ്‌നൗ അപകടം മണത്തു. ഇരുവരും ചേര്‍ന്ന് 55 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

എന്നാല്‍ പതിനേഴാം ഓവറിന്റെ ആദ്യ പന്തില്‍ ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് വീണു. പതിനഞ്ച് പന്തില്‍ നിന്ന് 39 റണ്‍സുമായി നിന്ന വിപ്‌രാജ് നിഗം മടങ്ങിയതോടെ ലഖ്‌നൗവിന് ആശ്വാസമായി. തൊട്ടുപിന്നാലെ എറിഞ്ഞ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍കും പുറത്തായതോടെ ഡല്‍ഹിയുടെ മുഴുവന്‍ പ്രതീക്ഷകളും അശുതോഷിലായി. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു. മത്സരം അവസാന ഓവറിലേക്ക് നീട്ടിയ അശുതോഷ് 9 വിക്കറ്റ് വീണിട്ടും വിജയപ്രതീക്ഷ കൈവിടാതെ പൊരുതുകയായിരുന്നു. അവസാന നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് ആവശ്യമായി വന്നപ്പോള്‍ പ്രതീക്ഷിക്കാത്ത തലത്തിലായിരുന്നു അശുതോഷിന്റെ പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here