കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ പൊൻമുടിയുടെ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. മന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. പൊൻമുടിയുടെ മകനും ലോക്‌സഭാ എംപിയുമായ ഗൗതം സിഗമണിയുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ രണ്ട് മന്ത്രിമാരാണ് ഇതിനകം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നത്. ഇഡിയുടെ ഈ നടപടി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
സംസ്ഥാന ഗതാഗത വകുപ്പിൽ നടന്ന തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിനെ അപലപിച്ച എംകെ സ്റ്റാലിൻ, ബിജെപിയുടെ ഭീഷണിയിൽ തന്റെ പാർട്ടി പതറില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനങ്ങളുടെ ചുമതല മറ്റുള്ളവർക്ക് നൽകിയെങ്കിലും, വകുപ്പില്ലാത്ത മന്ത്രിയായി ബാലാജി ഇപ്പോഴും തുടരുകയാണ്.
“ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ ചരിത്രം നോക്കിയാൽ മനസിലാവും.അതിന് ഡൽഹിയിലെ മുതിർന്ന നേതാക്കളോട് ഞങ്ങളെ കുറിച്ച് ചോദിച്ചാൽ മതി. ഞാൻ ഭീഷണി മുഴക്കുന്നില്ല. ഇതൊരു മുന്നറിയിപ്പാണ്- സെന്തിൽ ബാലാജിയുടെ അറസ്റ്റിനെ തുടർന്ന് സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇപ്പോൾ മന്ത്രി പൊൻമുടിക്കെതിരെ നടക്കുന്ന റെയ്ഡുകൾ കേന്ദ്രവും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാൻ സാധ്യതയുണ്ട്.