ഇരിങ്ങാലക്കുട: രണ്ടുതവണ നഷ്ടപ്പെട്ടിട്ടും വാശിയോടെ എഴുതി; മൂന്നാമത്തെ ശ്രമത്തിൽ 66-ാം റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഖിൽ വി. മേനോൻ.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പരീക്ഷയിൽ ആറാം റാങ്കോടെ ജയിച്ച് പരിശീലനത്തിനിടയിലാണ് അഖിൽ സിവിൽ സർവീസസ് പരീക്ഷയിൽ നേട്ടമുണ്ടാക്കിയത്.
സിവിൽ സർവീസസ് തയ്യാറെടുപ്പും കെ. എ.എസ്. പരിശീലനവും ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് അഖിൽ പറഞ്ഞു. മൂന്നുതവണ പരിശ്രമിക്കാൻ പ്രേരണയായത് കുടുംബത്തിന്റെ പിന്തുണയാണ്.
2019-ലാണ് ആദ്യം സിവിൽ സർവീസസിനായി ശ്രമിച്ചത്. അന്ന് കുറച്ചുകാലം പരിശീലനത്തിന് പോയിരുന്നു. പിന്നെ പഠിപ്പിക്കാൻ പോയി. അതിനിടയിലാണ് കെ.എ.എസ്. കിട്ടിയത്. കൊച്ചി നുവാൽസിൽനിന്നുള്ള നിയമബിരുദധാരിയാണ് അഖിൽ.
മണ്ണാത്തിക്കുളം ഗോവിന്ദ് ഹൗസിൽ വിപിന്റെയും നാഷണൽ സ്കൂൾ അധ്യാപികയായ ബിന്ദു വി. മേനോന്റെയും മകനാണ്. സഹോദരി: അശ്വതി.