‘ഡൽഹി ചലോ’ മാർച്ചുമായി കർഷകർ മുന്നോട്ട്.

0
65

കേന്ദ്ര സർക്കാരിനെതിരായ കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് ആരംഭിച്ചു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്നാണ് കർഷകർ മാർച്ച് ആരംഭിച്ചത്. മാര്‍ച്ച് ഒഴിവാക്കാനായി, കേന്ദ്ര മന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാനായിരുന്നു സംഘടനകളുടെ തീരുമാനം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നിവയാണ് ആവശ്യങ്ങൾ.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കർഷക മാർച്ച് തടയാൻ സർവ്വ സന്നാഹങ്ങളുമായി ഡൽഹി പൊലീസ് തയ്യാറെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനത്തിൻ്റെ അതിർത്തികളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കർഷകരെ നേരിടാൻ കമ്പിവേലികളും ആണിപ്പലകകളും സജ്ജീകരിച്ചു.

ക്രമസമാധാനം ഉറപ്പാക്കാൻ ഹരിയാനയിലെ അതിര്‍ത്തി ജില്ലകളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിഎപിഎഫ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, ബറ്റാലിയനുകൾ എന്നിവരുൾപ്പെടെ 2,000 ഉദ്യോഗസ്ഥ സേനയെ വിന്യസിച്ചു. രണ്ട് താത്കാലിക ജയിലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here