കാസർകോട് • റേഷൻ കാർഡ് ഉടമകളിൽ നിന്ന് ഏജന്റുമാർ വഴി മറിച്ചു വിറ്റതെന്നു കരുതുന്ന 150 ക്വിന്റൽ അരിയും ഗോതമ്പും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ കണ്ടെടുത്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡ് എംജി റോഡിനരികിലെ മാർക്കറ്റിൽ ഷീറ്റ് പാകിയ തുറന്ന സ്ഥലത്തു ചാക്കുകളിൽ സൂക്ഷിച്ച സാധനങ്ങളാണ് പിടികൂടിയത്. സമീപത്തെ കട ഉടമകളെ ചോദ്യം ചെയ്തുവെങ്കിലും ആരും ഇതിന്റെ അവകാശം ഏറ്റെടുക്കാൻ തയാറായില്ല.
അവകാശികൾ ആരും ഇല്ലാത്തതിനാൽ സർക്കാരിലേക്കു കണ്ടെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ് ഗോഡൗണിലേക്ക് മാറ്റി. പുഴുക്കലരി, പച്ചരി, മട്ട അരി, ഗോതമ്പ് തുടങ്ങിയവ ആണ് ഇതിൽ ഉള്ളത്. ജില്ലാ സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദു, താലൂക്ക് സപ്ലൈ ഓഫിസർ സജിമോൻ, റേഷനിങ് ഇൻസ്പെക്ടർമാരായ പി.വി.ശ്രീനിവാസൻ, കെ. സഞ്ജയ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
പരിശോധന നടത്തുന്നതിനിടെ റേഷൻ കാർഡ് ഉടമകൾ ഇവിടെ വിൽക്കാൻ കൊണ്ടു വന്ന അരിയും അധികൃതർ കസ്റ്റഡിയിലെടുത്തു. 16 രൂപയ്ക്ക് അരി കൊടുത്ത് പകരം സാധനങ്ങൾ സമീപത്തെ കടയിൽ നിന്നു വാങ്ങുന്നതാണ് പതിവെന്ന് ഇവർ പറഞ്ഞു. ഒരു സ്ത്രീയും കുട്ടികളും 50 കിലോഗ്രാം അരിയാണ് വിൽപനയ്ക്കു കൊണ്ടു വന്നിരുന്നത്. അന്ത്യ യോജന, അന്ന യോജന, ഉൾപ്പെടെ റേഷൻ കടകളിൽ നിന്നു സൗജന്യമായും കിലോഗ്രാമിനു 2 രൂപ തോതിലും കാർഡ് ഉടമകൾ വാങ്ങുന്ന അരിയാണ് ഇവിടെ എത്തുന്നത്. ഇത് ചാക്കിൽ നിറച്ചു കൈ കൊണ്ടു തുന്നി ലോഡ് ചെയ്തു കർണാടകയിലെ മില്ലുകളിലെത്തിക്കുന്നു.
അവിടെ നിന്ന് ഇത് ബ്രാൻഡ് ചെയ്ത് കൂടിയ വിലയ്ക്ക് വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളായി ഇവിടെ ഈ വ്യാപാരം നടന്നു വരുന്നതായി സമീപസ്ഥർ പറഞ്ഞു. സർക്കാർ കൂടിയ വില കൊടുത്തു വാങ്ങി നൽകിയ അരിയാണ് റേഷൻ കടകളിൽ കാർഡ് ഉടമകൾക്ക് കുറഞ്ഞ വിലയ്ക്കു നൽകുന്നത്. ഇതാണ് ഇടത്തട്ടുകാർ തട്ടിയെടുത്ത് വ്യാപാരം കൊഴുപ്പിക്കുന്നത്. റേഷൻ മണ്ണെണ്ണയും ഇങ്ങനെ വിപണിയിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്.