ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

0
80

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 410 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 47.5 ഓവറില്‍ 250 റണ്‍സില്‍ കൂടാരം കയറി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരേ വമ്പന്‍ സ്‌കോറാണ് ഇന്ത്യ ലക്ഷ്യംവെച്ചത്. ഇൗ പ്രതീക്ഷക്ക് കരുത്തുനല്‍കുന്ന തുടക്കം രോഹിത് ശര്‍മയും (61) ശുബ്മാന്‍ ഗില്ലും (51) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 100ല്‍ നില്‍ക്കവെ ശുബ്മാന്‍ ഗില്ലിനെ പുറത്താക്കി വാന്‍ മിക്കീരന്‍ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ശുബ്മാന്‍ തിളങ്ങിയത്.

അധികം വൈകാതെ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ നായകന്‍ രോഹിത് ശര്‍മയും പുറത്തായി. 54 പന്ത് നേരിട്ട് 8 ഫോറും 2 സിക്‌സും പറത്തിയാണ് ഹിറ്റ്മാന്റെ മടക്കം. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സ്, ഒരു ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകന്‍ തുടങ്ങി പല റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കി. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലിയും അര്‍ധ സെഞ്ച്വറിയോടെ കൈയടി നേടി.

തുടക്കത്തിലേ അല്‍പ്പം പതറിയ കോലി പിന്നീട് കത്തിക്കയറുകയായിരുന്നു. 56 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് കോലി നേടിയത്. കോലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഈ നേട്ടത്തിലേക്കെത്താനായില്ല. പിന്നാലെ ഒത്തുകൂടിയ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ചേര്‍ന്ന് തല്ലിത്തകര്‍ത്തു. ശ്രേയസ് അയ്യര്‍ 94 പന്ത് നേരിട്ട് 10 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 128 റണ്‍സോടെ പുറത്താവാതെ നിന്നു. കെ എല്‍ രാഹുല്‍ 64 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 102 റണ്‍സുമായി പുറത്തായി. 62 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഏകദിനത്തില്‍ ഇന്ത്യക്കായി വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി മാറാന്‍ കെ എല്‍ രാഹുലിനായി. ശ്രേയസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 2 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 50 ഓവറില്‍ നാല് വിക്കറ്റിന് 410 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്താനും ഇന്ത്യക്കായി.

മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ രണ്ടാം ഓവറില്‍ത്തന്നെ ഇന്ത്യ ഞെട്ടിച്ചു. ഓപ്പണര്‍ വെസ്ലി ബറേസിയെ (4) മുഹദ് സിറാജ് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ മാക്‌സ് ഒഡൗഡും (30) കോളിന്‍ അക്കര്‍മാനും (35) ഭേദപ്പെട്ട പ്രകടനം നടത്തി. അക്കര്‍മാനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒഡൗഡിനെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡും ചെയ്തു. നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (17) വിരാട് കോലി പുറത്താക്കി. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കോലി ഏകദിനത്തില്‍ വിക്കറ്റ് നേടുന്നത്. ബാസ് ഡി ലീഡിനെ (12) ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഒരുവശത്ത് പൊരുതിനിന്ന സൈബ്രാന്റ് എഞ്ചില്‍ബ്രീച്ചിനെ (45) മുഹമ്മദ് സിറാജും ക്ലീന്‍ബൗള്‍ഡാക്കി. ചെറിയ ചെറുത്തിനില്‍പ്പിന് ശേഷം ലോഗന്‍ വാന്‍ ബീക്കിനെ (16) കുല്‍ദീപ് ക്ലീന്‍ബൗള്‍ഡാക്കി. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച റൊളോഫ് വാന്‍ ഡെര്‍ മെര്‍വിയെ (16) ജഡേജയും മടക്കി. ആര്യന്‍ ദത്തിനെ (5) ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ തേജ നിദമാനുരുവിനെ (54) രോഹിത് ശര്‍മയും മടക്കി. ഇതോടെ 47.5 ഓവറില്‍ 250ല്‍ നെതര്‍ലന്‍ഡ്‌സ് ഒതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here