കണ്ണൂർ: എല്ലാ മേഖലകളിലും കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സേവനത്തിനും സർക്കാർ ഓഫീസുകളിൽ എത്തിയാൽ കാലതാമസം ഉണ്ടാകരുത്. സംസ്ഥാനത്ത് ജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാൻ 805 സേവനങ്ങളാണ് ഓൺ ലൈനാക്കിയത്. ഉദ്ദ്യോഗസ്ഥർ നിഷേധ നിലപാട് സ്വീകരിക്കാൻ വേണ്ടിയാകരുത് ജോലി ചെയ്യേണ്ടത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങളെ സഹായിക്കാനാണ് ഉദ്ദ്യോഗസ്ഥർ മുൻ കൈയ്യെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
രണ്ട് നിലകളിലായി ഒരുക്കിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചി മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഡോ വി ശിവദാസൻ എം പി അദ്ധ്യക്ഷനായി.
തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജിഷകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, കോങ്കി രവീന്ദ്രൻ, പി സീമ , ബൈജു നങ്ങാരത്ത് തുടങ്ങിയവർ സംബന്ധിച്ചു.