2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗത്ത് കരോലിന, ന്യൂ ഹാംപ്‌സ്യർ എന്നിവിടങ്ങളിലണ് ട്രംപ് പ്രചാരണം ആരംഭിച്ചത്. അമേരിക്കയെ ഒന്നാമത് എത്തിയ്ക്കാനുള്ള ശ്രമങ്ങൾക്ക് നമുക്കൊരുമിച്ച് വീണ്ടും തുടക്കമിടാമെന്ന് ട്രംപ് പ്രചാരണ പരിപാടിയ്ക്കിടെ പറഞ്ഞു.
‘ഞാൻ റാലികൾ നടത്തുന്നില്ലെന്നും പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നും അവർ പറയുന്നു. ചിലപ്പോൾ എനിക്ക് ചുവട് പിഴച്ചുവെന്നും പറയുന്നു. ഞാനിപ്പോൾ കൂടുതൽ ദേഷ്യത്തിലാണ്. നേരത്തെയുള്ളതിനെക്കാൾ കൂടുതൽ ഉത്തരവാദിത്തം എനിക്കുണ്ട്. നമ്മൾ വൻ റാലികൾ നടത്താനും പദ്ധതിയിടുന്നുണ്ട്’ ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ജീവനക്കാരെ തിരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ട്രംപ് തുടക്കം കുറിച്ചിരുന്നു. കുടിയേറ്റം അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കാണ് ട്രംപ് മുൻതൂക്കം നൽകുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങൾക്കെതിരേയും ട്രംപ് പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.