ഹൈദരാബാദ്: ഇന്ത്യ- ന്യൂസിലൻഡ് ആദ്യ ഏകദിനത്തിൽ നിറഞ്ഞുകവിഞ്ഞ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം. ശ്രീലങ്കയ്ക്കതിരായ പരമ്പരയിലെ അവസാനമത്സരത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞത് ചർച്ചയായതിന് പിന്നലെയാണ് ഹൈദരാബാദിലെ നിറഞ്ഞ സ്റ്റേഡിയം ശ്രദ്ധേയമാവുന്നത്. ഹൈദരാബാദിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് കാര്യവട്ടത്തേക്കാൾ കൂടുതലായിട്ടും കാണികൾ നിറഞ്ഞതിൽ വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
നികുതികൾ കൂടാതെ കാര്യവട്ടം സ്റ്റേഡിയത്തിൽ 500 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്കുള്ള ടിക്കറ്റിൽ, ഒമ്പത് ശതമാനം കേന്ദ്ര ജി.എസ്.ടിക്കും അത്രതന്നെ സംസ്ഥാന ജി.എസ്.ടിക്കും പുറമേ 12 ശതമാനം വിനോദനികുതിയും വരുമ്പോൾ ടിക്കറ്റ് നിരക്ക് 650 രൂപയാവും. അതേസമയം, 850 രൂപയായിരുന്നു ഹൈദരാബാദിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കാര്യവട്ടത്തെ മത്സരം ഞായറാഴ്ച നടന്നപ്പോൾ, പ്രവൃത്തി ദിവസമായ ബുധനാഴ്ചയാണ് ഹൈദരാബാദിൽ മത്സരം നടന്നതെന്നും ആളുകൾ ഒഴുകിയെത്തിയതെന്നതും ശ്രദ്ധേയമാണ്.
38,000 സീറ്റുകളുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ ആകെ കളി കണ്ടത് 16,210 പേരായിരുന്നു. ഇതിൽ 6,201 ടിക്കറ്റുകളായിരുന്നു വിറ്റുപോയിരുന്നത്. 13,000ത്തോളം സീറ്റുകൾ സ്പോൺസർമാർ ഉൾപ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളായിരുന്നു. ഇതിൽ പതിനായിരത്തോളം പേരായിരുന്നു കളി കാണാനെത്തിയത്. കാര്യവട്ടത്ത് അതിന് മുമ്പ് നടന്ന നാലുമത്സരങ്ങളിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോഴാണ് പട്ടിണികിടക്കുന്നവർ മത്സരം കാണാൻ വരേണ്ടെന്ന മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കാണികൾ ഏകദിനത്തിൽ നിന്ന് വിട്ടുനിന്നത്.