വി.ഡി സതീശന്റെ ‘പ്ലാൻ 63’ക്ക് ഹൈക്കമാന്റ് പിന്തുണ.

0
41

വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ‘പ്ലാൻ 63’ക്ക് ഹൈക്കമാന്റ് പിന്തുണ. പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻറിൽ നിന്നും ലഭിച്ചതെന്നാണ് വിവരം. വി.ഡി സതീശനും തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് സതീശൻ അറിയിച്ചത്. 21 സിറ്റിംഗ് സീറ്റടക്കം കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിൽ ഉന്നയിച്ചിരുന്നത്.

കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനമുയർന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയിൽ  എപി അനിൽകുമാർ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശൻറെ പ്ലാൻ 63 എന്നാണ് എതിർചേരിയുടെ പ്രധാന വിമർശനം.

അതേ സമയം ഇത്തരം ആശയങ്ങൾ പാർട്ടിയുടെ ഉയർന്ന ഘടകമായ രാഷ്ട്രീയകാര്യസമിതിയിൽ അല്ലാതെ മറ്റെവിടെ ചർച്ച ചെയ്യുമെന്നാണ് സതീശൻ അനുകൂലികളുടെ ചോദ്യം.കെപിസിസി പുനസംഘടനയിൽ അടുത്തയാഴ്ചയോടെ ഹൈക്കമാൻഡ് തീരുമാനമുണ്ടാകും.

കേരളത്തിന്റെ ചുമതലയുളള ദീപ ദാസ്മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ടു. ഒറ്റ പേരിലേക്ക് സംസ്ഥാനത്ത് തന്നെ ചർച്ച പൂർത്തിയാക്കാനാണ് ദീപ ദാസ് മുൻഷിയുടെ ശ്രമം.  കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കും തന്റെ പ്ലാനിനുമെതിരായ കൂട്ട വിമർശനമെന്നാണ് സതീശൻ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here