ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ നടന്‍ ഷാന്റോ ഖാനേയും പിതാവ് സലിം ഖാനേയും പ്രക്ഷോഭകാരികള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി.
തിങ്കളാഴ്ചയായിരുന്നു സംഭവം.
അക്രമങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്ന് പലായനം ചെയ്ത ഇവരെ ചാന്ദ്പുരില്‍ വെച്ച് ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. പലായനം ചെയ്യുന്നതിനിടെ ജനക്കൂട്ടം തടഞ്ഞപ്പോള്‍ ഇവര്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ട് പറയുന്നു. നിര്‍മാതാവും ലക്ഷ്മിപൂര്‍ മോഡല്‍ യൂണിയന്‍ പരിഷത്ത് ചെയര്‍മാനുമാണ് സലിം ഖാന്‍.
താന്‍ തിങ്കളാഴ്ച സലിം ഖാനുമായി സംസാരിച്ചിരുന്നതായി സലിം ഖാനോടൊപ്പം പ്രവര്‍ത്തിച്ച എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അരിന്ദം ദാസ് പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ‘കമാന്‍ഡോ’യുടെ സംവിധായകന്‍ ഷമിം അഹമ്മദ് റോണി യു.എസ്സില്‍ നിന്നും സലിമിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ എന്ന് അന്വേഷിച്ച് വിളിച്ചിരുന്നു. പിന്നാലെ, അറിഞ്ഞ വാര്‍ത്തകള്‍ കണ്ട് എന്റെ കൈകള്‍ വിറച്ചു. കണ്ടെത്തിയ കാര്യങ്ങള്‍ അറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി’ അരിന്ദം ദാസ് പറഞ്ഞു.