സഞ്ജുവിന്റെ ബാറ്റി‌ങ് അതിന് ഏറ്റവും യോജിച്ചത്, റൺസ് നേടിയിട്ടും അവൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ഇന്ത്യൻ ഇതിഹാസം

0
14
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന്‌ സഞ്ജു സാംസൺ തഴയപ്പെട്ടതിൽ പ്രതികരണവുമായി സീനിയർ താരം ഹർഭജൻ സിങ് രംഗത്ത്.

ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ തഴയപ്പെട്ടതിൽ പ്രതികരണവുമായി ഇതിഹാസ സ്പിന്നർ ഹർഭജൻ സിങ്. സഞ്ജു ഇന്ത്യൻ ടീമിൽ വേണ്ടതായിരുന്നുവെന്ന് പറയുന്ന ഭാജി, അദ്ദേഹത്തിന്റെ ബാറ്റിങ് ഏകദിന ക്രിക്കറ്റിന് യോജിച്ചതാണെന്നും ചൂണ്ടിക്കാട്ടി.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയ ഇന്ത്യൻ സെലക്ടർമാർ ഋഷഭ് പന്തിനെയാണ്‌ പ്രധാന വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയത്. 2023 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ കെ എൽ രാഹുലും ഈ ടീമിലുണ്ട്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന പരമ്പരയിലായിരുന്നു സഞ്ജു അവസാനം ഇന്ത്യൻ ഏകദിന ടീമിന്റെ ജേഴ്സിയണിഞ്ഞത്. ഈ സമയം പന്ത് പരിക്കിനെത്തുടർന്ന് പുറത്തായിരുന്നു. 2024 ൽ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു ഏകദിന ടീമിൽ നിന്ന് തഴയപ്പെട്ടപ്പോൾ, പന്ത് ടീമിലേക്ക് തിരിച്ചെത്തി.

ഏകദിന ക്രിക്കറ്റിൽ 56 ബാറ്റിങ് ശരാശരിയുള്ള സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഹർഭജൻ സിങ് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. സഞ്ജുവിന്റെ കാര്യത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യത്തിൽ അവന്റെ കാര്യത്തിൽ വിഷമം തോന്നുന്നു. അവൻ റൺസ് നേടിയിട്ടും പുറത്താക്കപ്പെട്ടു. നിങ്ങൾക്ക് 15 പേരെ മാത്രമേ ടീമിലേക്ക് തെരഞ്ഞെടുക്കാൻ സാധിക്കൂ എന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ ബാറ്റിങ് ഈ ഫോർമാറ്റിന് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു. അവന് 55-56 ബാറ്റിങ് ശരാശരിയുണ്ട്, എന്നാൽ രണ്ടാം വിക്കറ്റ് കീപ്പറായി പോലും അദ്ദേഹമില്ല. അവനെ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന കാര്യം സംസാരിക്കുമ്പോൾ ആളുകൾ ചോദിക്കും, ആരുടെ സ്ഥാനത്താണെന്ന്? എന്നാൽ സ്ഥാനമൊക്കെ ഉണ്ടാക്കാൻ സാധിക്കും.” ഹർഭജൻ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി 16 ഏകദിന മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ 56.66 ബാറ്റിങ്‌ ശരാശരിയിൽ 510 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഈ ഫോർമാറ്റിൽ താരം നേടിയിട്ടുണ്ട്. ഋഷഭ് പന്താകട്ടെ 31 ഏകദിനങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞു. ഇതിൽ 33.50 ബാറ്റിങ് ശരാശരിയിൽ നേടിയത് 871 റൺസ്. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളുമാണ് ഈ ഫോർമാറ്റിൽ പന്തിന്റെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here