ദോഹ: വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയില്‍ യാത്ര ചെയ്യാനാവാതെ വരികയും ചെയ്തവര്‍ക്ക് ടിക്കറ്റിന്‍െറ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി പ്രവാസികള്‍ക്കടക്കം ആശ്വാസമാകും. വിമാനടിക്കറ്റിന്‍െറ മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്നാണ് സുപ്രിം കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി.
ഇത്തരത്തിലുള്ള വിമാനടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കുമെന്നാണ് കോവിഡിന്‍െറ ആദ്യഘട്ടത്തില്‍ വിമാനകമ്ബനികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിമാനകമ്ബനികള്‍ പിന്നീട് നിലപാട് മാറ്റി. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്.എന്നാല്‍ പല പ്രതിസന്ധികള്‍ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത് പോലുള്ള പദ്ധതികളില്‍ യാത്ര നടത്തുകയും ചെയ്ത പ്രവാസികള്‍ക്ക് നേരത്തേയെടുത്ത വിമാനടിക്കറ്റിന്‍െറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുന്നത്.
സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്
ലോക്ക് ഡൗണ്‍ കാലാവധിക്കുള്ളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നല്‍കണമെന്നാണ് സുപ്രീംകോടതി വിമാനകമ്ബനികളോട് ഉത്തരവിട്ടിരിക്കുന്നത്. സാമ്ബത്തിക പരാധീനത മൂലം വിമാനക്കമ്ബനികള്‍ക്ക് നിലവില്‍ റീഫണ്ട് നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഒരു ക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കില്‍ 2021 മാര്‍ച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയര്‍ കൂടുതലാണെങ്കില്‍ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കില്‍ ബാക്കി തുക റീഫണ്ട് നല്‍കുകയും വേണം. ഇങ്ങിനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെല്‍ തുകക്ക് നഷ്ടപരിഹാരമായി ജൂണ്‍ 2020 വരെ അര ശതമാനം ഇന്നസെന്‍റീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാല്‍ ശതമാനം ഇന്‍സെന്‍റിവും യാത്രക്കാരന് നല്‍കണം.
ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നല്‍കണം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരന്‍ മരണപ്പെട്ടുണ്ടെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് എത്രയും പെട്ടെന്ന് തുക മടക്കി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
2021 മാര്‍ച്ച് മാസം 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കില്‍ ടിക്കറ്റിന്‍െറ മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിദേശ വിമാനങ്ങളുടെ കാര്യത്തിലും റീഫണ്ട് ബാധകമായിരിക്കും. ടിക്കറ്റ് എവിടെ നിന്ന് എടുത്താലും ഇക്കാര്യം ബാധകമാണ്.
വിമാനകമ്ബനികളുടെ കൈവശമുള്ളത് യാത്രക്കാരുടെ കോടികള്‍
കോവിഡ്പ്രതിസന്ധി മൂലം പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് മുന്‍കൂട്ടി ടിക്കറ്റെടുത്തിട്ടും വിമാനയാത്ര സാധ്യമാകാതെ വന്നിരുന്നത്. എല്ലാ രാജ്യങ്ങളും കോവിഡ് മൂലം അന്താരാഷ്ട്ര വിമാനവിലക്ക് ഏര്‍പ്പെടുത്തിയതോടെയാണിത്. യാത്രമുടങ്ങിയതോടെ ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് നിലവില്‍ വിമാനകമ്ബനികളുടെ കൈവശം എത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തുക റീഫണ്ട് നല്‍കുമെന്നായിരുന്നു വിമാനകമ്ബനികള്‍ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് കമ്ബനികള്‍ നിലപാട് മാറ്റുകയായിരുന്നു. ടിക്കറ്റ് കാന്‍സല്‍ ചെയ്യാതിരുന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ യാത്രചെയ്യാനാകുമെന്നാണ് കമ്ബനികള്‍ പിന്നീട് അറിയിച്ചത്. എന്നാല്‍ വന്ദേഭാരത് വിമാനങ്ങളിലടക്കം അടിയന്തരമായി ആളുകള്‍നാട്ടിലെത്തി. ഇവര്‍ക്ക് പിന്നീടൊരു യാത്ര അസാധ്യമാവുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇതോടെ മിക്കവര്‍ക്കും നേരത്തേ വിമാനടിക്കറ്റ് എടുത്ത ഇനത്തില്‍ വന്‍തുക നഷ്ടപ്പെടുന്ന സ് ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി പ്രവാസികള്‍ക്കടക്കം ആശ്വാസം തീര്‍ക്കുന്നത്.
നേരത്തേ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും വിമാനടിക്കറ്റ് റീഫണ്ട് നല്‍കണമെന്നതടക്കമുള്ള ആശ്വാസകരമായ കാര്യങ്ങളാണുണ്ടായിരുന്നത്.
പ്രവാസി ലീഗല്‍ സെല്‍
2009ലാണ് പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം നിരവധി പ്രവാസികാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് മാത്രം പത്തോളം കാര്യങ്ങളിലാണ് പ്രവാസി ലീഗല്‍ സെല്‍ കോടതികളെ സമീപിച്ചത്. സംഘടന നല്‍കിയ കേസിലുണ്ടായ പുതിയ കോടതി വിധിയിലൂടെ നഷ്ടപ്പെടുമായിരുന്ന കോടിക്കണക്കിന് രൂപയാണ് പ്രവാസികള്‍ക്ക് തിരികെ ലഭിക്കുകയെന്ന് ദോഹയിലെ പ്രവാസി സാമൂഹികപ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്‍െറ ഖത്തര്‍ കണ്‍ട്രി ഹെഡ് ആണ് ഇദ്ദേഹം. സുപ്രീംകോടതി വിധിയെ പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ചാപ്റ്റര്‍ സ്വാഗതം ചെയ്തു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം മുഖേനയാണ് സുപ്രിം കോടതിയില്‍ പൊതു താല്‍പര്യ ഹരജി നല്‍കിയത്.