യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമം തുടരുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ബലൂൺ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ശേഖരിച്ച അവശിഷ്ടങ്ങൾ വിശദമായ വിശകലനത്തിനായി ക്വാണ്ടിക്കോയിലെ എഫ്ബിഐ ലാബിലേക്കോ മറ്റ് സൈറ്റുകളിലേക്കോ പോകും.
നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഇതുവരെ ബലൂണിന്റെ വെളുത്ത തുണിത്തരങ്ങളും ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഷെൽ ഘടനയും ശേഖരിച്ചു. കൂറ്റൻ ബലൂണിന്റെ അവശിഷ്ടങ്ങൾക്കും അതിന്റെ ‘ഇന്റലിജൻസ്-ശേഖരണ പോഡ്’ നും വേണ്ടിയുള്ള തിരച്ചലിലാണ് നാവിക സേന. മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണിന് താഴെ നീളമുള്ള സെൻസർ പാക്കേജ് ഉണ്ടായിരുന്നു.
മൊണ്ടാനയിലെയും മറ്റിടങ്ങളിലെയും സൈനിക ഇൻസ്റ്റാളേഷനുകളിലും ആണവ വിക്ഷേപണ കേന്ദ്രങ്ങളിലും ചുറ്റിക്കറങ്ങുന്നതിനിടെ ബലൂൺ ചാരപ്പണി നടത്തിയോ എന്ന് ഇതുവരെ വ്യക്തമല്ല. ബലൂണിന്റെ ശേഷിയെക്കുറിച്ചും അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിലെ പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥർ ഇന്ന് യുഎസ് നിയമനിർമ്മാതാക്കളെ അറിയിക്കും.
കാലാവസ്ഥാ ഗവേഷണത്തിനുള്ള ബലൂണാണെന്ന് അവകാശപ്പെട്ട് ചൈന എത്തിയിരുന്നു. ബലൂൺ വെടിവെച്ച് വീഴ്ത്തിയതിന് യുഎസ് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ചൈനയുമായുള്ള ബന്ധത്തിൽ യുഎസ് സമീപനം ശാന്തമായി തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.