അവശിഷ്ടങ്ങൾക്കിട‌യിൽ അനിയനെ പൊതിഞ്ഞ കുഞ്ഞിക്കൈ; സിറിയയിൽ നിന്നുള്ള കാഴ്ച്ച

0
53

തകർന്ന കെട്ടിട‌ാവശിഷ്ടങ്ങൾക്കിടയിൽ പ്രതീക്ഷകൾ കൈവിടാത്ത കരവലയം… സിറിയയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിങ്ങൾക്കടിയിൽ അനുജനെ തന്റെ കുഞ്ഞു കൈ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണിത്. കഴിഞ്ഞ ദിവസം യുഎൻ പ്രതിനിധി പങ്കുവെച്ച ചിത്രം ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. 17 മണിക്കൂറാണ് ഈ രണ്ട് കുട്ടികൾ തകർന്ന കോൺക്രീറ്റ് കൂനകൾക്കുള്ളിൽ കഴിഞ്ഞതെന്ന് ചിത്രം പങ്കുവെച്ച് മുഹമ്മദ് സഫ ട്വിറ്ററിൽ കുറിച്ചു.

ഈ സമയമത്രയും ഏഴ് വയസ്സുള്ള മൂത്ത സഹോദരി തന്റെ അനിയനെ അവളുടെ കുഞ്ഞു കൈകൾക്കുള്ളിൽ പൊതിഞ്ഞു കാക്കുകയായിരുന്നു. രണ്ടു കുട്ടികളും ഇപ്പോൾ സുരക്ഷിതരായിരിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിലും പ്രതീക്ഷയോടെ ജീവനും ജീവന്റെ ജീവനായ അനിയനേയും സംരക്ഷിച്ച പെൺകുട്ടി പ്രതീക്ഷയുടെ പ്രതീകമായാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഈ ചിത്രം പങ്കുവെച്ചു കൊണ്ട് താൻ പങ്കുവെക്കുന്നതും ഈ പ്രതീക്ഷയെ കുറിച്ചാണെന്ന് മുഹമ്മദ് സഫ പറയുന്നു. ഒരുപക്ഷേ ഈ കുട്ടി മരിച്ചിരുന്നെങ്കിലും പലരും ഈ ചിത്രം ശ്രദ്ധിക്കുമായിരുന്നു. എന്നാൽ, എല്ലാം തകർത്ത ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ മങ്ങാത്ത ഇത്തരം കാഴ്ച്ചകൾ പങ്കുവെക്കൂവെന്നാണ് സഫ കുറിച്ചത്.

കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഇതിനകം 7,800 കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് രാജ്യങ്ങളിലും രക്ഷാപ്രവര്ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കുത്തനെ ഉയർന്നേക്കും. കനത്ത മഞ്ഞുവീഴ്ച്ച ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൈനസ് ഡിഗ്രി താപനിലയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here