പൊങ്കൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ജല്ലിക്കെട്ട് മത്സരങ്ങൾ പുരോഗമിക്കുന്നു. ഏറ്റവും പ്രശസ്തമായ മൂന്ന് ജല്ലിക്കെട്ടുകളിൽ അവണിയാപുരത്തും പാലമേടുമുള്ള മത്സരങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്നു. കാണുംപൊങ്കൽ ദിനമായ ചൊവ്വാഴ്ച അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് അരങ്ങേറും. വിദേശികളടക്കം ആയിരങ്ങളാണ് ജല്ലിക്കെട്ട് കാണാൻ അളങ്കാനല്ലൂരിൽ എത്തിയിരിക്കുന്നത്. സമാപനച്ചടങ്ങിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിൻ മുഖ്യാതിഥിയായിരിക്കും.
പൊങ്കലിനോട് അനുബന്ധിച്ച് മധുരയടക്കം തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്. ജല്ലിക്കെട്ട് വേദിയുടെ വാടിവാസൽ എന്ന ഇടനാഴിയിലൂടെ കുതിക്കുന്ന കാളകളെ പിടിച്ചുനിർത്തുന്നതിനാണ് വീരന്മാർ മത്സരിക്കുന്നത്. ഏറ്റവുംകൂടുതൽ കാളകളെ പിടിച്ചുനിർത്തുന്ന വീരൻ ജേതാവാകും. കാർ അടക്കം സമ്മാനങ്ങൾ ലഭിക്കും. വീരന്മാർക്ക് പിടികൊടുക്കാത്ത കാളകളുടെ ഉടമകൾക്കും സമ്മാനംലഭിക്കും.
പാലമേട് ജല്ലിക്കെട്ടിൽ 23 കാളകളെ കീഴടക്കിയ ചിന്നത്തമ്പി തമിഴ് അരശൻ ചാമ്പ്യനായി. ഇയാൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനമായ കാർ ലഭിച്ചു.
19 കാളകളെ പിടിച്ചുനിർത്തിയ മണിക്കാണ് രണ്ടാംസ്ഥാനം. ഇയാൾക്ക് ഇരുചക്രവാഹനം ലഭിച്ചു. മൂന്നാം സ്ഥാനക്കാരന് കന്നുകാലികളെയാണ് ലഭിച്ചത്. ഇതുകൂടാതെ ഒരോ തവണയും കാളകളെ മുട്ടുകുത്തിക്കുമ്പോൾ പാത്രങ്ങൾ, സൈക്കിളുകൾ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. ഇത്തവണ പൊങ്കലിന് ചെറുതും വലുതുമായ 500-ൽ അധികം ജല്ലിക്കെട്ടുകളാണ് വിവിധ ജില്ലകളിലായി നടക്കുന്നത്.