കോവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. പലരാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ കുതിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളൊക്കെ ഒരിടവേളയ്ക്കു ശേഷം കോവിഡ് പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമായത്. ഇന്ത്യയിലും ജനുവരി പകുതിയോടെ കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഈ മാസമാദ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയോളം നിർണായകമാണെന്നും വൈറസിന്റെ ജനിതകമാറ്റം പ്രവചനാതീതമായതിനാൽ തന്നെ വരുംകാലങ്ങളിലും കരുതിയിരിക്കണം എന്നുമാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. ഇപ്പോഴിതാ ലോകത്തെ വീണ്ടും കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.