ലോകമെമ്പാടുമുള്ള കര്‍ഷകര്‍ രാസവളങ്ങളുടെ വില വര്‍ധനവിനെ തുടർന്ന് വലഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന പുതിയ കണ്ടെത്തെലുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. മനുഷ്യ മലം, മൂത്രം എന്നിവയില്‍ നിന്നുള്ള വളം കൃഷിക്ക് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്നാണ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച യൂറോപ്പിലെ ശാസ്ത്രജ്ഞരുടെ പ്രബന്ധം വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പ്രകൃതിവാതകത്തിന്റെയും രാസവളങ്ങളുടെയും വില വര്‍ധിപ്പിച്ചിരുന്നു. മനുഷ്യവിസര്‍ജം പരിശോധിച്ചതിലൂടെ 310 രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചു. ഇതില്‍ മരുന്നുകള്‍ മുതല്‍ കീടനാശിനികള്‍ വരെയുണ്ട്. പൊതുവേ, മനുഷ്യ മാലിന്യ കമ്പോസ്റ്റ് ഉപയോഗത്തിലൂടെ ഫുഡ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന മരുന്ന് സംയുക്തങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെ അപകടത്തിലാക്കാനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ഇതിന് പുറമെ, വേദനസംഹാരിയായ ഇബുപ്രോഫെന്‍, ആന്റികണ്‍വള്‍സന്റ് മരുന്നായ കാര്‍ബമാസാപൈന്‍ എന്നീ രണ്ട് മരുന്നുകളുടെ സാന്നിധ്യം കാബേജിന്റെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയുടെ സാന്ദ്രത വളരെ കുറവാണ്.
അതായത്, ഒരു കാര്‍ബമാസാപൈന്‍ ഗുളികയ്ക്ക് തുല്യമായ അളവ് ലഭിക്കാന്‍ 5 ലക്ഷത്തിലധികം കാബേജ് കഴിക്കേണ്ടി വരുമെന്ന് ഗവേഷകര്‍ പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിനു ശേഷം രാസവളത്തിന്റെ വിലയിലെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങള്‍ക്ക് പകരം മൃഗങ്ങളുടെ ചാണകങ്ങളും മനുഷ്യ മാലിന്യവും ഉപയോഗിക്കാന്‍ ഗവേഷകർ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഈ ബദല്‍ ഉല്‍പ്പന്നങ്ങള്‍ അത്ര ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടില്ല. അതേസമയം, മനുഷ്യ മാലിന്യത്തില്‍ നിന്ന് സംസ്‌കരിച്ച ചില ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമത ലഭിക്കുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാമെന്ന് നേരത്തെ ഇസ്രായേലിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. വിസര്‍ജ്ജ്യം ശേഖരിക്കുകയും അതിനെ കല്‍ക്കരിക്ക് സമാനമായ ഹൈഡ്രോചാര്‍ എന്ന പദാര്‍ത്ഥമായി മാറ്റുകയും ചെയ്തതാണ് പോപ്പുലര്‍ സയന്‍സ് റിപ്പോര്‍ട്ട്.
ഇസ്രായേലിലെ ബെന്‍-ഗുരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നെഗെവ് മരുഭൂമിയില്‍ ഒരു ടോയ്‌ലറ്റ്സ്ഥാപിച്ചിരുന്നു. അവിടെ നിരവധി ആളുകള്‍ ദിവസേന മലമൂത്ര വിസർജനം നടത്തുകയും ഗവേഷകര്‍ ദിവസവും അവ ശേഖരിക്കുകയും ചെയ്താണ് പരീക്ഷണം നടത്തിയത്. ശേഷം രോഗാണുക്കളെ ഇല്ലാതാക്കാന്‍ ഓട്ടോക്ലേവുകളില്‍ മാലിന്യം ചൂടാക്കുകയും പിന്നീട് അവ പൊടിച്ചെടുക്കുകയായിരുന്നു.
അടുത്ത ഘട്ടത്തില്‍ ഇരുണ്ട തവിട്ടു നിറത്തിലുള്ള പൊടി വെള്ളത്തില്‍ കലര്‍ത്തും. തുടര്‍ന്ന് ലബോറട്ടറി റിയാക്ടറുകളിലേയ്ക്ക് കയറ്റും. ഹൈഡ്രോചാര്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി പ്ലാന്റുകളുടെ ചൂളകളില്‍ ഇന്ധനം പോലെ ഹൈഡ്രോചാര്‍ ഉപയോഗിക്കാം. കല്‍ക്കരി പോലെ ഇവയെ ഉപയോഗിക്കാന്‍ ജലത്തെ ഹൈഡ്രോച്ചാറില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞര്‍ ഇത് തയ്യാറാക്കുന്ന സമയത്ത് കീടാണുക്കളെ നശിപ്പിച്ചുകൊണ്ട് ഹൈഡ്രോചാറാക്കി മാറ്റിയതിന് ശേഷമുള്ള ബാക്കി ഭാഗം ജൈവ വളമായും ഉപയോഗിക്കാം.