വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ് സെമിത്തേരിയിലാണ് സംസ്‌കാരം. രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും.
മിമിക്രി, സിനിമാ, സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.