ചലച്ചിത്ര പരസ്യ കലാകാരൻ കിത്തോ അന്തരിച്ചു

0
50

കൊച്ചി: ചലച്ചിത്ര പരസ്യ കലാകാരൻ ആർട്ടിസ്റ്റ് കിത്തോ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുപ്പതിലേറെ ചലച്ചിത്രങ്ങൾക്കു കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവർത്തനങ്ങൾക്കൊപ്പം സിനിമ നിർമിക്കുകയും സിനിമയ്ക്ക് വേണ്ടി കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. ബാല്യകാലം മുതൽ ചിത്രരചനയിലും ശിൽപ്പ നിർമാണത്തിലും തൽപരനായിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ കൊച്ചിൻ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്റിംഗിനായുള്ള ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു. മഹാരാജാസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കലാരംഗത്ത് സജീവമാകുന്നതിന് പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റുമായ സേവ്യർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ ചേർന്നു. നാല് വർഷത്തിന് ശേഷം കൊച്ചിയിൽ ഇല്ലുസ്ട്രേഷൻ ആൻഡ് ഗ്രാഫിക്സ് എന്ന സ്ഥാപനം തുടങ്ങി. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂർ ഡെന്നീസ് ചിത്രകൗമുദി മാസികയിൽ എഴുതിയിരുന്ന കഥകൾക്ക് ചിത്രം വരച്ച് കൊടുത്തതോടെ ശ്രദ്ധ നേടി.

തുടർന്ന് കിത്തോയുടെ വരകൾ മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. സിനിമാ മാസികകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് വലിയ ചർച്ചയായി. കലാ സംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന കിത്തോ ഒരു ഘട്ടത്തിൽ തിരക്കേറിയ ചലച്ചിത്ര പ്രവർത്തകനായി. ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ് എന്ന ചിത്രം നിർമിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here