തിരുവനന്തപുരം • അഹിംസയിലും കരുണയിലും അധിഷ്ഠിതമായ സമാധാനം വളർത്തിയെടുക്കാൻ ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചാൽ നേട്ടം ലോകത്തിനാകെയാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഭിപ്രായപ്പെട്ടു.
അഹിംസയും കരുണയും ഉൾച്ചേരുന്ന ഭാരതീയ ജ്ഞാനമാർഗം ചരിത്രപരമായി ബുദ്ധമതത്തിനു സ്വാധീനമുള്ള ചൈന ആർജിക്കുകയാണെങ്കിൽ അതിന്റെ ഉണർവ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കും ലോകത്തിനും ലഭിക്കുമെന്നു മനോരമ ഇയർ ബുക്ക് 2023 ലെ ലേഖനത്തിൽ ദലൈലാമ പറയുന്നു. ശാസ്ത്രസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ബാഹ്യ നിരായുധീകരണം പോലെ തന്നെ ആന്തരിക നിരായുധീകരണവും പ്രധാനമാണ്. ഇക്കാര്യത്തിൽ ഭാരതീയ ജ്ഞാനമാർഗത്തിനു പങ്കു വഹിക്കാനാകും.
ചെറുപ്പം മുതൽ എല്ലാ സന്തോഷത്തിന്റെയും മൂലകാരണം അനുകമ്പയാണ്. എന്നാൽ, ഒരാളിലടങ്ങിയിരിക്കുന്ന അനുകമ്പയിലെ സ്വാഭാവികതയ്ക്കു വിദ്യാഭ്യാസകാലം തൊട്ടു മങ്ങലേൽക്കുന്നു. അതിനാൽ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിൽ അഹിംസയും കരുണയും ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ പ്രയോജനം രാജ്യത്തിനു മാത്രമല്ല ലോകത്തിനും അനുഭവപ്പെടും. അഹിംസ എന്ന ആശയം ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഗാന്ധിജിക്കായി. മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും ഗാന്ധിയൻ ആദർശത്തിൽ പ്രചോദിതരായിരുന്നു. – ദലൈലാമ എഴുതുന്നു.