സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളൻ; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയത് ‘റോബിൻഹുഡ്’.

0
50

കള്ളന്റെ പ്രതികാര കഥ പറഞ്ഞ ചിത്രമാണ് ജോഷിയുടെ റോബിൻഹുഡ് എന്ന സിനിമ. സിനിമയിൽ പറഞ്ഞ ‘റോബിൻഹുഡ്’ വീട്ടിലെത്തിയപ്പോൾ സംവിധായകൻ ജോഷിക്ക് നഷ്ടമായത് കോടികളുടെ സമ്പാദ്യമാണ്. ജോഷി സിനിമയിലെ റോബിൻഹുഡിന്റെ മോട്ടീവ് പ്രതികാരമായിരുന്നെങ്കിൽ ജോഷിയുടെ വീട്ടിൽ കയറിയ റോബിൻഹുഡിന്റെ മോട്ടീവ് വ്യത്യസ്തമാണ്. അതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ ആള് ചില്ലറക്കാരനല്ല. റോബിൻഹുഡിനേക്കാൾ കായംകുളം കൊച്ചുണ്ണിയുടെ സ്വഭാവങ്ങളാണ് ഇയാൾക്കുള്ളത്. സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളൻ. നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമാണം, എന്നിവയ്‌ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതാണ് ഇർഫാന്റെ രീതി. ബിഹാറിലെ സീതാമർഹി ജില്ലയിൽ ജോഗിയ സ്വദേശിയാണ് ഉജ്വൽ എന്ന മുഹമ്മദ് ഇർഫാൻ. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കിൽ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെങ്കിൽ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറായിരുന്നു മുഹമ്മദ് ഇർഫാന്റെ കൈവശം. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്.

മോഷണക്കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇർഫാൻ വെറുതെയിരിക്കില്ല. അടുത്ത നഗരം ലക്ഷ്യംവച്ച് നീങ്ങും. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ നിന്നാണ് ഇയാൾ പിടിയിലായത്. പൂനെയിലെ മോഷണത്തിൽ പിടിയിലാവുമ്പോൾ റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. എന്തായാലും സിനിമയിൽ ജോഷിയുടെ നായക കഥാപാത്രം പൊലീസിന്റെ കുരുക്കിലായില്ലെങ്കിലും ഇവിടെ ജോഷിയുടെ യഥാർത്ഥ വില്ലന് പൊലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. മോഷണശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കള്ളനെ പിടികൂടുന്നതിൽ നിർണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here