ബംഗളൂരു: ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങുന്നു. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് ആര്‍സിബി വരുന്നത്. പഞ്ചാബ് ആവട്ടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് തുടങ്ങുകയാണ് ആര്‍സിബിയുടെ ലക്ഷ്യം.
വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തമെങ്കിലും മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബൗളിംഗിന്റെ മൂര്‍ച്ചക്കുറവാണ് ഇത്തവണയും ബെംഗളൂരുവിന്റെ ദൗര്‍ബല്യം. പഞ്ചാബിനെതിരെ ബൗളിംഗ് നിരയില്‍ മാറ്റത്തിന് സാധ്യത. ചെപ്പോക്കില്‍ ഇടംകൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനാണ് ആര്‍സിബിയുടെ നടുവൊടിച്ചത്. സമാന ഭീഷണിയുമായി അര്‍ഷ്ദീപ് സിംഗ് പഞ്ചാബ് നിരയിലുണ്ട്.
ആദ്യംബാറ്റ് ചെയ്താല്‍ ദിനേശ് കാര്‍ത്തിക്ക് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തും. യഷ് ദയാല്‍ ഇംപാക്ട് പ്ലെയറാവും. ആദ്യം പന്തെറിയേണ്ടിവന്നാല്‍ ഇരുവരുടേയും റോളില്‍ മാറ്റമുണ്ടാവും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. ജോണി ബെയ്ര്‍സ്റ്റോ, സാം കറണ്‍, ജിതേഷ് ശര്‍മ്മ, ലിയാം ലിവിംഗ്സ്റ്റണ്‍, കാഗിസോ റബാഡ എന്നിവരുള്‍പ്പെട്ട പഞ്ചാബ് ശക്തം. ആര്‍സിബി വിട്ടശേഷം ഹര്‍ഷല്‍ പട്ടേല്‍ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്ന ആദ്യമത്സരം കൂടിയാണിത്. ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്ന വിക്കറ്റായതിനാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.