ഇതര സംസ്ഥാനങ്ങളില്‍ വന്‍ കളക്ഷന്‍ നേട്ടവുമായി ‘പ്രേമലു’.

0
41

ഒടിടിയുടെ കടന്നുവരവിന് ശേഷം മലയാള സിനിമ ഇതരഭാഷാ സിനിമാപ്രേമികളിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ മലയാളികളല്ലാത്തവര്‍ അതാത് ഇടങ്ങളില്‍ തിയറ്ററുകളിലെത്തി മലയാള സിനിമകള്‍ കാണുകയെന്നത് മോളിവുഡിനെ സംബന്ധിച്ച് സ്വപ്നം മാത്രമായിരുന്നു, അടുത്ത കാലം വരെ. അടുത്തടുത്ത് എത്തിയ രണ്ട് ചിത്രങ്ങള്‍ മലയാളം ഇത്ര കാലവും ആഗ്രഹിച്ചിരുന്ന ആ നേട്ടം കൈക്കുമ്പിളില്‍ കൊണ്ടുക്കൊടുത്തു. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് ആ ചിത്രങ്ങള്‍. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതര സംസ്ഥാനങ്ങളിലെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് കളക്ഷനില്‍ ഇടിവ് തട്ടാതെ ഒരു മാസത്തോളം കുതിച്ചു. അത് മലയാളം പതിപ്പിന്‍റെ മാത്രം കഥ. ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന റൊമാന്‍റിക് കോമഡ‍ി ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പിന്നാലെ തമിഴ് പതിപ്പും തിയറ്ററുകളിലെത്തി. തെലുങ്ക് പതിപ്പ് എസ് എസ് കാര്‍ത്തികേയയും തമിഴ് പതിപ്പ് ഉദയനിധി സ്റ്റാലിനുമാണ് വിതരണം ചെയ്തത്. തമിഴ് പതിപ്പ് എത്തുന്നതിന് മുന്‍പുതന്നെ പ്രേമലുവിന്‍റെ മലയാളം പതിപ്പ് ചെന്നൈ ഉള്‍പ്പെടെയുള്ള സെന്‍ററുകളില്‍ മറുഭാഷാ പ്രേക്ഷകരെ നേടിയിരുന്നു.

ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പറയുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കര്‍ണാടകത്തില്‍ നിന്ന് മാത്രം പ്രേമലു ഇതുവരെ നേടിയത് 5.3 കോടിയാണ്. തമിഴ്നാട്ടില്‍ നിന്ന് 7.5 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 12 കോടിയും. ഇന്ത്യയിലെ മറ്റ് ഇടങ്ങളില്‍ നിന്ന് 1.1 കോടിയും. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകളുടേത് ചേര്‍ത്തുള്ള കണക്കാണ് ഇത്. അതായത് 44 ദിവസം കൊണ്ട് പ്രേമലു ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 25.90 കോടിയാണ്. ഒരു മലയാള ചിത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാമത്. ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here