കൊച്ചി• തൃക്കാക്കരയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ സിപിഎം സ്വന്തം ചിഹ്നത്തില്‍ അവതരിപ്പിക്കുന്നത് ഒരു ഡോക്ടറെത്തന്നെ. അന്ന് പി.ടി. തോമസിനെതിരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍ ജെ. ജേക്കബായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍, ഉപതിരഞ്ഞെടുപ്പില്‍ പി.ടി.യുടെ ഭാര്യയെ നേരിടാന്‍ വരുന്നത് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫാണ്. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ദയ പാസ്കൽ തൃശൂർ ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.
കളപ്പുരക്കൽ പറമ്പിൽ കുടുംബത്തിൽ കെ.വി.ജോസഫിന്റെയും എം.ടി.ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബർ 30നാണ് ഡോ. ജോ ജോസഫിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് വിൻസെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്നും പ്രീഡിഗ്രി പാസയശേഷം കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്നും എംബിബിഎസ്സും ഒഡിഷയിലെ എസ്‍സിബി മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നിന്നു കാർഡിയോളജിയിൽ ഡിഎം കരസ്ഥമാക്കി. 2012 മുതൽ എറണാകുളം ലിസ്സി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി പ്രവർത്തിച്ചു വരികയാണ്.
സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ് ഡോ. ജോ ജോസഫ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എന്‍ജിഒ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂുട്ടീവ് ട്രസ്റ്റിയാണ്. സംസ്ഥാനത്തെ വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്തും, കോവിഡ് കാലത്തും സാമൂഹിക സേവനത്തിലൂടെ ശ്രദ്ധേയനായി.
ഹൃദ്രോഗ ശാസ്ത്രത്തിൽ വിവിധങ്ങളായ പഠനങ്ങളും ലേഖനങ്ങളും ഡോക്ടറുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്സി പരിശോധനയിൽ ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം അനുഭവപരിചയമുള്ള ഹൃദ്രോഗ വിദഗ്ധരിൽ ഒരാളാണ് ഡോ. ജോ. നവമാധ്യമങ്ങളിൽ സജീവമായി എഴുതുന്നയാളുമാണ് ഡോക്ടര്‍.