ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നും അമിത് ഷാ ത്രിപുരയിൽ റാലിയില്‍ പറഞ്ഞു.
2019ല്‍ താന്‍ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതികള്‍ തേടാറുണ്ടായിരുന്നുവെന്നും ഷാ പറഞ്ഞു. 2024 ജനുവരി ഒന്നിന് അയോധ്യയില്‍ ആകാശത്തോളം ഉയരത്തില്‍ രാമക്ഷേത്രം സജ്ജമായി നില്‍ക്കും. ചടങ്ങിനെത്താന്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റാലിയില്‍ പങ്കെടുത്ത അണികളോട് അദ്ദേഹം ഓര്‍മപ്പെടുത്തി.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘ജന്‍ വിശ്വാസ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മൂന്ന് പതിറ്റാണ്ടോളം ത്രിപുര ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അദ്ദേഹം വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണകാലത്ത് അക്രമവും അതിര്‍ത്തി നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും മാത്രമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ ഷാ ഇന്ന് സംസ്ഥാനത്ത് എവിടെയെങ്കിലും അക്രമവും കേഡര്‍ അധിഷ്ഠിത ഭരണവും നിലനില്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു.