കേക്ക് വിപണിയിൽ സമ്മിശ്ര പ്രതികരണം.

0
84

കൊച്ചി• ക്രിസ്മസ് കാലത്ത് കേക്ക് വിപണിയിൽ സമ്മിശ്ര പ്രതികരണം. കോവിഡിൽ നിന്നു പൂ‍ർണമായും മുക്തമായ ക്രിസ്മസ് ആയതിനാൽ 2020, 2021 കാലത്തെക്കാൾ വിൽപനയുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്താൽ 20% വളർച്ച. പക്ഷേ ചെലവു ചുരുക്കൽ മൂലം വലിയ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങി ജീവനക്കാർക്കും മറ്റും വിതരണം ചെയ്യുന്നതു കുറച്ചു. വിദേശത്തെ മാന്ദ്യം മൂലം കയറ്റുമതിക്കും ആവേശമില്ല.

സംസ്ഥാനമാകെ ബേക്കറികളിലും ജനറൽ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാമായി അരക്കോടി കിലോഗ്രാം കേക്ക് വിൽക്കുന്നുണ്ടെന്നാണ് അനുമാനം. 22000 ബേക്കറികൾ കേരളമാകെയുണ്ട്. അതിൽ 20,000 കിലോയിലേറെ വിൽക്കുന്ന ബേക്കറി ശൃംഖലകളുണ്ട്. സംസ്ഥാനമാകെ 4000 കേക്ക് ഉൽപാദകരാണുള്ളത്. ബഹുരാഷ്ട്ര കമ്പനികളുടെ കേക്കുമുണ്ട്. ഇതിനു പുറമേയാണ് വീടുകളിലും മറ്റും കുടിൽ വ്യവസായം പോലെ കേക്കുണ്ടാക്കി വിൽക്കുന്നത്. കോവിഡ് കാലത്ത് ബെയ്ക്കിങ് ഹോബിയാക്കിയവരുടെ എണ്ണം വർധിച്ചപ്പോൾ അതു വിൽപനയിലേക്കും നീണ്ടു. കിലോയ്ക്ക് ശരാശരി 500 രൂപ കണക്കാക്കിയാൽ പോലും അരക്കോടി കിലോയ്ക്ക് 250 കോടി മൂല്യം.

സാധാരണ പ്ളം കേക്കിന് കിലോ 400 രൂപ മുതൽ 500 രൂപ വരെയാണു വില. ഡെക്കറേഷനുള്ള രുചി കൂടിയ ഇനങ്ങൾക്ക് 600 മുതൽ 1500 വരെ. പുതിയ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. പക്ഷേ ഇവയ്ക്ക് ആയുസ്സ് 5 ദിവസം വരെ മാത്രം.

ബാങ്കുകളും ബിസിനസ് സ്ഥാപനങ്ങളും ക്രിസ്മസ്, പുതുവർഷക്കാലത്ത് കേക്ക് വാങ്ങി വിതരണം ചെയ്തിരുന്നതിൽ കാര്യമായ കുറവുണ്ട്. കേക്ക് നിർമാണ കമ്പനികളിൽ നിന്നു വില കുറച്ചു വൻ തോതിൽ നേരിട്ടു വാങ്ങുകയായിരുന്നു രീതി. ഇൻഫോപാർക്കിലും, ടെക്നോപാർക്കിലും മറ്റും കമ്പനികൾ ടെക്കികൾക്കു നൽകാൻ വാങ്ങിയിരുന്ന കേക്കുകളും വളരെ കുറഞ്ഞു. വർക്ക് ഫ്രം ഹോം കാരണം 30 ശതമാനത്തിലേറെ പേർ ഇപ്പോഴും കമ്പനികളിൽ തിരിച്ചെത്താത്തതാണു കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here