ദില്ലി: ഇന്ത്യന്‍ ടീമില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളര്‍ ആരായിരിക്കും. ജസ്പ്രീത് ബുമ്ര എന്നായിരിക്കും ആരാധകര്‍ ആദ്യം പറയുന്ന ഉത്തരം. രവീന്ദ്ര ജഡേജയെന്നോ കുല്‍ദീപ് യാദവെന്നോ അശ്വിനെന്നോ പിന്നാലെ പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല ഇന്ത്യന്‍ ബൗളര്‍മാരില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്.
അത് പേസര്‍ മുഹമ്മദ് ഷമിയാണ്. ഇന്ത്യന്‍ ടീമിലെ മികച്ച ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും പോലും നെറ്റ്സില്‍ ഷമിയെ നേരിടുന്നത് വെറുക്കുന്നവരാണെന്ന് കാര്‍ത്തിക് പറയുന്നു. താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറാണ് ഷമിയെന്നും ക്രിക് ബസിന്‍റെ ഷോയില്‍ കാര്‍ത്തിക് പറഞ്ഞു.
ഷമിയുടെ സീം പൊസിഷനും ലെങ്തുമാണ് ബാറ്റര്‍മാരുടെ പേടി സ്വപ്നമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് അയാളെ നേരിടുന്നത് അവര്‍ ഇഷ്ടപ്പെടാതാരിക്കാന്‍ കാരണം. നെറ്റ്സില്‍ പോലും മികച്ച സീം പൊസിഷനും അപകടകരമായ ലെങ്തിലുമാണ് ഷമി സഹതാരങ്ങള്‍ക്കെതിരെ പന്തെറിയുക. ഒന്നുകില്‍ വിക്കറ്റ് കീപ്പര്‍ക്ക് അല്ലെങ്കില്‍ സ്ലിപ്പില്‍ ക്യാച്ച് എന്നതാണ് ഷമിയുടെ ഇത്തരം പന്തുകള്‍ നേരിടുമ്പോള്‍ സംഭവിക്കുക.
പലപ്പോഴും നിര്‍ഭാഗ്യവാനുമാണ് ഷമി. അവന്‍റെ ലെങ്ത്തുവെച്ച് നിരവധി തവണ ഒരു ബാറ്ററെ ബീറ്റ് ചെയ്യുമെങ്കിലും ചിലപ്പോള്‍ വിക്കറ്റ് വീഴില്ല. വിദേശ പര്യടനങ്ങളില്‍ അവന്‍ പലപ്പോഴും അവനായിരിക്കും ബാറ്ററെ ഏറ്റവും കൂടുതല്‍ ബീറ്റ് ചെയ്ത ബൗളര്‍. പക്ഷെ വിക്കറ്റ് കിട്ടാത്തതിനാല്‍ മോശം ബൗളറായി വിലയിരുത്തപ്പെടുകയും ചെയ്യും. റിവേഴ്സ് സ്വിംഗ് ലഭിക്കുന്ന സാഹചര്യങ്ങളാണെങ്കില്‍ പിന്നെ ഷമിയെ കളിക്കുക എന്നത് അസാധ്യമാണെന്നും കാര്‍ത്തിക് പറഞ്ഞു.