വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റാക്കിയെന്ന് മാലദ്വീപിലേക്ക് പോയ ഗോതാബയ രാജപക്‌സെ സ്പീക്കറെ അറിയിക്കുകയായിരുന്നു. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും.
രാജിവയ്ക്കാതെ പ്രസിഡന്റ് ഗോതാബയ രാജ്പക്‌സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം, റെനിൽ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും നടക്കുന്നുണ്ട്. ജൂലൈ 13ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഗോതാബയ രാജ്പക്‌സെ രാജി വെക്കാതെ മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു.
പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊളംബോ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പ്രക്ഷോഭം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധക്കാർ കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.