സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പരീക്ഷകള്‍ മാറ്റിവച്ചു

0
60

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്. കാലിക്കറ്റ് സർവകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന്(ജൂലൈ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല.

ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കേരളം  രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.

2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here