ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേർന്നതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ തിങ്കളാഴ്‌ച പ്രഖ്യാപിച്ചു. ജൂലൈ 18ന് ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് യോഗത്തിന് ഒരു ദിവസം മുമ്പാണ് ഈ പുതിയ സംഭവവികാസം.
നേരത്തെ 2024ലെ തിരഞ്ഞെടുപ്പിനുള്ള ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ വിഹിതം സംബന്ധിച്ച് അന്തിമ ചർച്ച നടത്താൻ പാസ്വാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. 2019ൽ ചിരാഗിന്റെ പിതാവായ രാം വിലാസ് പാസ്വാന്റെ കീഴിലുള്ള അവിഭക്ത ലോക് ജനശക്തി പാർട്ടി ആറ് ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കുകയും ബിജെപിയുമായുള്ള സീറ്റ് പങ്കിടൽ കരാറിന്റെ ഭാഗമായി രാജ്യസഭാ സീറ്റും നേടുകയും ചെയ്‌തിരുന്നു.
എൻഡിഎ സഖ്യത്തിൽ ചേരാൻ, തന്റെ പിതാവിന്റെ കീഴിലുള്ള അതേ ക്രമീകരണത്തിൽ ബിജെപി ഉറച്ചുനിൽക്കണമെന്ന് ആഗ്രഹിച്ചു. ചിരാഗ് പാസ്വാന്റെ അമ്മാവൻ പശുപതി കുമാർ പരാസിന്റെ പാർട്ടിയായ ലോക് ജനശക്തി പാർട്ടിയുടെ ഒരു വിഭാഗമായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി ഇതിനകം ഭരണകക്ഷിയുടെ ഭാഗമാണ്.
പതിറ്റാണ്ടുകളായി തന്റെ പിതാവിന്റെ സ്വാന്തം മണ്ഡലവും, എന്നാൽ നിലവിൽ പാർലമെന്റിൽ പാരസ് പ്രതിനിധീകരിക്കുന്നതുമായ ഹാജിപൂർ ലോക്‌സഭാ സീറ്റ് ബിജെപി തനിക്ക് വിട്ടുകൊടുക്കണമെന്നതും ചിരാഗ് പാസ്വാന്റെ ആവശ്യത്തിൽ ഉൾപ്പെടുന്നു. സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് ബിഹാറിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ വിഹിതം സംബന്ധിച്ച് ബിജെപി വ്യക്തമാക്കണമെന്ന് പാസ്വാനോട് അടുപ്പമുള്ള പാർട്ടി വൃത്തങ്ങൾ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് ബിജെപി സഖ്യകക്ഷിയായിരുന്ന ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിനോടുള്ള എതിർപ്പിനെ തുടർന്നാണ് പാസ്വാൻ എൻഡിഎയിൽ നിന്ന് പുറത്ത് വന്നത്. 2022-ൽ നിതീഷ് കുമാറും എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ, 40 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ചിരാഗ് പാസ്വാനെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ബിജെപി ഇപ്പോൾ.