ലോകം മാര്‍ച്ച് എട്ട് വനിതാ ദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ ഫെബ്രുവരി 13ന് ആണ് ആ ദിനം. പകരം വെയ്ക്കാനില്ലാത്ത ഒരു സമരജീവിതത്തിന്റെ പിറവി അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ഇന്ത്യ വനിതാ ദിനമായി ആചരിക്കുന്നത്. വാനമ്പാടിയെന്നും ഭാരതകോകിലമെന്നും അറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ആണ് ദേശീയ വനിതാ ദിനം. ഈ ദിനത്തിലൂടെ സ്വാതന്ത്യ സമര സേനാനിയും കവയിത്രിയുമായ സരോജിനി നായിഡു കാലങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട് പകര്‍ന്നുതന്ന ശക്തിയെ ഓരോരുത്തരുടേയും മനസ്സില്‍ ഉറപ്പിക്കേണ്ടതാണ്.
സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു സരോജിനി നായിഡുവിന്റെ ആദ്യ പേര്. കവിത്വത്തിനപ്പുറം കരുത്തുറ്റ നിലപാടും തീരുമാനങ്ങളും ഉണ്ടായിരുന്ന സരോജിനി പിന്നീട് ഭാരത കോകിലമെന്നും ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അവരായിരുന്നു.
1879-ല്‍ ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി ചതോപാദ്ധ്യായ എന്ന സരോജിനി നായിഡുവിന്റെ ജനനം. അച്ഛന്‍ അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാളി കവയിത്രിയും. 1898ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെ അവര്‍ സരോജിനി നായിഡുവായി മാറി. അബ്രാഹ്‌മണനായ ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലെ കണ്ണിയായിരുന്നു സരോജിനി.
മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു സരോജിനിയുടെ വിദ്യാഭ്യാസം. മെട്രിക്കുലേഷന്‍ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയല്‍ ലിറ്റററി സൊസൈറ്റി അംഗമായ ഇവര്‍ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദവും ഡോക്ടറേറ്റും നേടി. പഠനകാലത്ത് സരോജിനി കവിതാരചനയില്‍ മികവ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തില്‍ എത്തി. നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയില്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി.
1924ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നായിഡുവിനെ അധ്യക്ഷയാക്കി. സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് യു.പിയിലെ ഗവര്‍ണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറായിരുന്നു സരോജിനി നായിഡു. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച്, ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേര് നല്‍കി ആദരിച്ചു.
1905ല്‍ ആദ്യ കവിതാ സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രെഷോള്‍ഡ്’ പ്രസിദ്ധീകരിച്ചു. പുലരിയുടെ തൂവലുകള്‍, ഒടിഞ്ഞ ചിറക്, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരമാണ് രാജകീയമുരളി. ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.