കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് ശേഷം ട്രക്കില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ട രാഹുല്‍വഴിമധ്യേ അംബാലയില്‍ നിന്ന് ചണ്ഡീഗഡ് വരെയാണ് ട്രക്കില്‍ യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കുവെച്ചു.
തിങ്കളാഴ്ച രാത്രിയിലേതാണ് വീഡിയോയെന്നാണ് സൂചന. അംബാലയില്‍ ട്രക്ക് ഡ്രൈവര്‍മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടെ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. രാഹുലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘രാഹുല്‍ ഗാന്ധിക്കൊപ്പം രാജ്യം നീങ്ങി’
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് , രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും കായിക താരങ്ങളെയും സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവാക്കളെയും കര്‍ഷകരെയും ഡെലിവറി പാര്‍ട്ണര്‍മാരെയും ബസുകളിലെ സാധാരണ പൗരന്മാരെയും ഇപ്പോള്‍ അര്‍ദ്ധരാത്രി ട്രക്ക് ഡ്രൈവര്‍മാരെയും കാണുന്നത്? കാരണം, ഈ രാജ്യത്തെ ജനങ്ങളെ ശ്രദ്ധിക്കാനും അവരുടെ വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരാളുണ്ട്, അവരുടെ നല്ല നാളേക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരാളുണ്ട്.വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുന്ന ഒരാളുണ്ട്.ഈ രാജ്യം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പതുക്കെ തിരിച്ചറിയാന്‍ തുടങ്ങി, പതുക്കെ പതുക്കെ ഈ രാജ്യം രാഹുല്‍ ഗാന്ധിക്കൊപ്പം നീങ്ങാന്‍ തുടങ്ങി’, സുപ്രിയ കുറിച്ചു.
നേരത്തെ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.വീര്‍ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്.