ആയിഷ വീണ്ടും കണ്ടു, തന്‍റെ മാമ്മയെ…

0
73

ദുബൈ: ഒരിക്കല്‍ കൂടി തന്‍റെ പഴയ മാമ്മയെ നിലമ്ബൂര്‍ ആയിഷ ‘നേരില്‍ കണ്ടു’. ഒരുകാലത്ത് തന്നെ അടക്കിവാഴുകയും പിന്നീട് സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്തുകയും ചെയ്ത ഓര്‍മകളിലേക്ക് ആയിഷ ഒരിക്കല്‍ കൂടി ആഴ്നിറങ്ങി.

‘ആയിഷ’ എന്ന ചിത്രത്തിലെ യഥാര്‍ഥ നായിക നിലമ്ബൂര്‍ ആയിഷയും മാമ്മയായി വേഷമിട്ട മോന തവീലുമായുള്ള കൂടിക്കാഴ്ച ഏറെ വികാര നിര്‍ഭരമായിരുന്നു. ദുബൈയിലാണ് നിലമ്ബൂര്‍ ആയിഷയും മോന തവീലും തമ്മിലുള്ള സമാഗമം നടന്നത്.

ഗദ്ദാമയായി സൗദിയിലെത്തിയപ്പോഴുള്ള നിലമ്ബൂര്‍ ആയിഷയുടെ അനുഭവങ്ങളാണ് ‘ആയിഷ’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. മാമ്മ എന്ന പ്രായമായ സ്ത്രീയെ പരിചരിക്കാനെത്തുന്നതും അവരെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്നതുമാണ് ചിത്രത്തിന്‍റെ കഥ. നിലമ്ബൂര്‍ ആയിഷയായി മഞ്ജു വാര്യരും മാമ്മയായി മോന തവീലുമാണ് വേഷമിട്ടത്. ദുബൈയില്‍ പ്രവാസിയായ മോന തവീലിന്‍റെ ആദ്യ സിനിമ കൂടിയാണ് ആയിഷ. ‘ആയിഷയുടെ കഥ കേട്ടപ്പോള്‍ മുതല്‍ ഉള്ളില്‍ കയറിക്കൂടിയതാണ് നിലമ്ബൂര്‍ ആയിഷ. ആ കരുത്തുറ്റ സ്ത്രീയെ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അത് സഫലമായിരിക്കുന്നു’-കൂടിക്കാഴ്ചക്ക് ശേഷം മോന പറഞ്ഞു. തന്‍റെ മാമ്മയെ പകര്‍ത്താന്‍ മോനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആയിഷയും പറഞ്ഞു. ‘എന്‍റെ മാമ്മ ഭയങ്കരിയായിരുന്നില്ല. ആദ്യ കാലങ്ങളില്‍ രൂക്ഷമായ പെരുമാറ്റമായിരുന്നു. പിന്നീട് ഞാന്‍ അവരെ കൈപ്പിടിയിലൊതുക്കി. ഞാനൊരു നടിയായതുകൊണ്ടാണ് അതിന് കഴിഞ്ഞത്.

സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലുമാണ് അവരുടെ മനസ്സ് കീഴടക്കിയത്. എന്നോട് ലാളിത്യ ബോധത്തോടെയാണ് പെരുമാറിയിരുന്നത്. 26 വര്‍ഷം ആ വീട്ടിലായിരുന്നു ജീവിതം. ഒടുവില്‍ ഞാനില്ലാതെ വയ്യെന്ന അവസ്ഥയിലായി അവര്‍. മരിക്കുമ്ബോള്‍ വെള്ളം കൊടുക്കാന്‍ പോലും ഞാനാണുണ്ടായിരുന്നത്.

ചില നേരങ്ങളില്‍ അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും. ചില സമയത്ത് ദേഷ്യപ്പെടും. എന്‍റെ ഉപ്പയും ഉമ്മയും അവരോട് നല്ല പെരുമാറ്റമായിരുന്നു. അതിനാല്‍, ആ സ്നേഹം എനിക്കും തിരിച്ചുകിട്ടി’ -ആയിഷ പറയുന്നു. ഇനിയും ഒരുപാട് അഭിനയിക്കണമെന്ന് മോനയോട് ഉപദേശിച്ചാണ് ആയിഷ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here