ഫിഫ ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിൽ എല്ലാ മത്സരങ്ങൾക്കും മുന്നോടിയായി ഫുട്ബോൾ കളിക്കാർ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അവരുടെ കൈകൾ പിടിക്കുന്നത് കുട്ടികളാണ്.
ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഫുട്ബോൾ കളിക്കാരനെ അനുഗമിക്കുന്ന കുട്ടിയെ പ്ലെയർ എസ്കോർട്ട് (മാച്ച് മാസ്കോട്ട് അല്ലെങ്കിൽ ചൈൽഡ് മാസ്കോട്ട് ( മാസ്കറ്റ് ചിൽഡ്രൻ) എന്ന് അറിയപ്പെടുന്നു. ഈ കുട്ടികൾ കളിക്കാരുടെ അകമ്പടിയായി കൈകോർത്ത് പിടിച്ച് നടക്കുകയും ദേശീയ ഗാനം ആലപിക്കുമ്പോൾ കളിക്കാരനോടൊപ്പം നിൽക്കുകയും ചെയ്യുന്നു. സാധാരണയായി 6 നും 18 നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.
ദക്ഷിണ കൊറിയയും , ജപ്പാനും ചേർന്ന് ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിന് മുന്നോടിയായാണ് ഈ പാരമ്പര്യം ഫിഫ ആരംഭിച്ചത്. അതിന് മുൻപ് പല രാജ്യങ്ങളിലെയും ക്ലബ്ബ് മത്സരങ്ങളിലും , ലീഗ് മത്സരങ്ങളിലും ഈ സമ്പ്രദായം ഉണ്ടായിരുന്നു.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയും , യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടും (യുനിസെഫ്) കൈകോർത്ത് “കുട്ടികൾക്കായി യെസ് യെസ് ഫോർ ചിൽഡ്രൻ” എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു.
കുട്ടികൾക്കായി മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ഇത് വഴി
ലോക കപ്പ് മത്സരങ്ങളിലും മികച്ച ഫുട്ബോൾ താരങ്ങളെ അവതരിപ്പിക്കുന്ന ടെലിവിഷൻ സ്പോട്ടുകളിലും, ലോകത്തിലെ ഓരോ ഫുട്ബോൾ ആരാധകനും കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
മാത്രമല്ല കുട്ടികൾക്ക് അനുയോജ്യമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ മുതിർന്നവർക്കും വലിയ പങ്കുണ്ട് എന്ന് ഫുട്ബോൾ പ്രേമികളെ ഓർമ്മിപ്പിക്കുന്ന പ്രതീകാത്മക പ്രവർത്തനമായി ഓരോ കളിക്കാരനോടും ഒപ്പം സമൂഹത്തോടും ഓരോ മത്സരത്തിലും കുട്ടികൾ താരങ്ങൾക്ക് ഒപ്പം കളിക്കളത്തിലേക്ക് പോകുമ്പോൾ നൽകപ്പെടുന്നു .
തുടക്കത്തിൽ ഓരോ ടീമും ഒരു കുട്ടിയെ മാത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത് . പിന്നീട് 22 കളിക്കാർക്കൊപ്പം കുട്ടികളെ അനുവദിച്ചു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി ഇങ്ങനെ അനുഗമിച്ച കുട്ടികളിൽ പ്രമുഖൻ ആണ്.1996-ൽ, ചിരവൈരികളായ എവർട്ടണും , ലിവർപൂളും ഉൾപ്പെട്ട ഒരു മത്സരത്തിനിടെ റൂണി എവർട്ടൺ കളിക്കാരെ കളിയുടെ തുടക്കത്തിൽ ഗ്രൗണ്ടിലേക്ക് അനുഗമിപ്പിക്കുകയും
വർഷങ്ങൾക്ക് ശേഷം അദ്ദേഹം എവർട്ടൺ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ) ഉൾപ്പെടെ മിക്ക ലീഗുകളിലും ഇപ്പോൾ താരങ്ങളെ കുട്ടികൾ അനുഗമിക്കുന്നതിന് രക്ഷിതാക്കൾ ഫീസ് നൽകണം.ചില EPL ക്ലബ്ബുകൾ $724 വരെ ഇതിനായി ഈടാക്കുന്നുണ്ട്.മറ്റുള്ളവർ മത്സരങ്ങളിലൂടെയും , ചാരിറ്റികളിലൂടെയും ചില സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു . കൂടുതൽ ക്ലബ്ബുകളും ചാർജ് ഈടാക്കാറില്ല.
താരങ്ങൾ ഒപ്പിട്ട ഫുട്‌ബോളുകൾ, സൗജന്യ ജൂനിയർ കിറ്റ്, മത്സര ടിക്കറ്റുകൾ, ഫോട്ടോകൾ , സെൽഫികൾ എന്നിവ കുട്ടികൾക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
കളിക്കാരെ അനുഗമിക്കുന്നതിന് പുറമേ അവർ കളിക്കാരുടെ രാജ്യത്തിന്റെ പതാകകൾ വഹിക്കുക ,സൈഡ്‌ലൈൻ ബോൾ ക്രൂവിനെ സഹായിക്കുക തുടങ്ങിയ ചുമതലകളും ചെയ്യും.ക്ലബ് ഗെയിമുകളിൽ കുട്ടികൾ സാധാരണയായി യൂത്ത് ടീമിലെ അംഗങ്ങളോ , മത്സര വിജയികളോ ആയിരിക്കും. ചില അവസരങ്ങളിൽ കുട്ടികളോടോപ്പം മറ്റുള്ളവരും അകമ്പടി സേവിക്കാറുണ്ട്. ഉദാഹരണത്തിന് അജാക്സ് ആംസ്റ്റർഡാം കളിക്കാർ മാതൃദിനത്തിൽ അമ്മമാരോടൊപ്പവും , തെരുവ് നായ്ക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സാവോ പോളോ എഫ്സി കളിക്കാർ നായ്ക്കളുമായി ഗ്രൗണ്ടിലേക്ക് വന്നിട്ടുണ്ട്.