ലണ്ടനിലും ജഗന്നാഥ ക്ഷേത്രം;

0
80

ലോകപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം ഇനി ലണ്ടനിലും കാണാം. ബ്രിട്ടനിലെ ആദ്യത്തെ ജഗന്നാഥ ക്ഷേത്രമാണിത്.ഒഡിയ സ്വദേശിയായ ഒരു വ്യവസായി ക്ഷേത്രത്തിനായി 250 കോടി സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലണ്ടനിലെ ശ്രീ ജഗന്നാഥ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. സംഘടന ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച ലണ്ടനില്‍ നടന്ന പ്രഥമ ശ്രീ ജഗന്നാഥ സമ്മേളനത്തില്‍ ബിശ്വനാഥ് പട്‌നായിക് ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയതായി സംഘടന അറിയിച്ചു.

ഫിന്നസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനാണ് ബിശ്വനാഥ് പട്‌നായിക്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ കറും ഈ പദ്ധതിക്കായി സംഭാവന നല്‍കും. ലണ്ടനില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ബിശ്വനാഥ് പട്‌നായിക്ക് 250 കോടി രൂപ വാഗ്ദാനം ചെയ്തതായി അര്‍ജുന്‍ കര്‍ സ്ഥിരീകരിച്ചു. പുതിയ ക്ഷേത്രത്തിനായി ഏകദേശം 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ഗ്രൂപ്പ് 7 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കര്‍ വെളിപ്പെടുത്തി.

റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍), ഹൈഡ്രജന്‍ ലോക്കോമോട്ടീവുകള്‍, നൂതന സാങ്കേതികവിദ്യ, ഫിന്‍ടെക് എന്നിവയില്‍ ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്ന പ്രാഥമിക ഘട്ട സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമാണ് ഫിന്നസ്റ്റ് ഗ്രൂപ്പ്. ‘ഭഗവാന്‍ ജഗന്നാഥനില്‍ വിശ്വാസം അര്‍പ്പിച്ച് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കണം’, ക്ഷേത്രത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ട് ബിശ്വനാഥ് പട്‌നായിക് പറഞ്ഞു.

ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നിയമ ബിരുദവും നേടിയ ബിശ്വനാഥ് പട്‌നായിക് 2009ലാണ് ബിസിനസ് ലോകത്തേക്ക് പ്രവേശിക്കുന്നത്. ഹെല്‍ത്ത് കെയര്‍, ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി മുതല്‍ ദുബായിലെ സ്വര്‍ണ്ണ ശുദ്ധീകരണശാല എന്നീ മേഖലകള്‍ വരെ അദ്ദേഹം കീഴടക്കി. മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വിശ്വനാഥ് പട്‌നായിക്ക്. ഇന്ത്യയ്ക്ക് പുറമെ യുനെസ്‌കോയ്ക്ക് വരെ അദ്ദേഹം സംഭാവന നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്ന ഡല്‍ഹി ആസ്ഥാനമായുള്ള സോഷ്യല്‍ ആക്ഷന്‍ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here