കൊച്ചി • 197 യാത്രക്കാരുമായി സൗദിയിലെ ജിദ്ദയിൽനിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സ്പൈസ് ജെറ്റിന്റെ എസ്ജി 036 കൊച്ചിയിൽ ലാൻഡ് ചെയ്തത്.
വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തിൽ ആദ്യം ജാഗ്രതാ നിർദേശം ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.