ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ സ്പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.
പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ജയം അനിവാര്യമായിരുന്ന ജര്‍മനി ജയം നേടിയെങ്കിലും(4-2) ജപ്പാന്‍റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് ഗോള്‍ കൂടി മടക്കി ജര്‍മനി വിജയം പിടിച്ചെടുത്തു.
സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത് ഏഷ്യക്കും അഭിമാനനേട്ടമായി. ഇതാദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്‍റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്പെയിനിന് രക്ഷയായി.