ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്

0
60

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു.ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്.

11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു.

തോക്കുധാരി പെട്ടെന്ന് സര്‍വകലാശാല കെട്ടിടത്തിലേക്ക് എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ആക്രമത്തെ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിരവധി വെടിയൊച്ചകള്‍ കേട്ടതോടെ തങ്ങള്‍ പരിഭ്രാന്തരായെന്നും ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നും സര്‍വകലാശാല അധികൃതരും പറഞ്ഞു.അക്രമി സര്‍വകലാശാലയ്ക്കുള്ളില്‍ കടന്നതായി അധികൃതര്‍ വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനേയും മെസേജുകളിലൂടെ അറിയിച്ചിരുന്നു.

പൊലീസെത്തി ഏറ്റുമുട്ടലിലൂടെ അക്രമിയെ കീഴ്‌പ്പെടുത്തുകയും വധിക്കുകയുമായിരുന്നു. അപായമുന്നറിയിപ്പ് നല്‍കുന്നതിനായി സര്‍വകലാശാലയില്‍ വലിയ ശബ്ദത്തോടെ സൈറണും മുഴങ്ങിയിരുന്നു. 25 പേരെങ്കിലും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here