തൊടുപുഴ: അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കള്‍ക്ക് ശരീരിക അസ്വസ്ഥതയുണ്ടായ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു.
കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ് ശരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.