തന്റെ ജീവന്‍ അപകടത്തിലാണെന്ന് കോടതിയില്‍ ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തനിക്കെതിരെ മൂന്നാമതൊരു വധശ്രമം നടന്നിട്ടുണ്ടെന്നും പതിവായി കോടതിയില്‍ ഹാജരാകുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. തനിക്കെതിരായ എല്ലാ രാഷ്ട്രീയ കേസുകളും റദ്ദാക്കണമെന്നും അദ്ദേഹം ലാഹോര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹം, മതനിന്ദ, അക്രമം, തീവ്രവാദം തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 121 കേസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ എല്‍എച്ച്‌സിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രാഷ്ട്രീയ കാരണത്താലാണ് കേസുകള്‍ എടുത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. 71 കാരനായ ഇമ്രാന്‍ കനത്ത സുരക്ഷയ്ക്കിടയിലാണ് കോടതിക്ക് മുന്നില്‍ ഹാജരായത്. കേസ് പരിഗണിക്കുന്നതിനിടെ, തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കോടതിയോട് അപേക്ഷിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ചെയര്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചു. ‘കോടതികളില്‍ സ്ഥിരമായി ഹാജരാകുന്നത് എന്റെ ജീവന്‍ അപകടത്തിലാക്കും. രണ്ട് കൊലപാതക ശ്രമങ്ങളില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു — ഒന്ന് പഞ്ചാബിലെ വസീറാബാദില്‍, മറ്റൊന്ന് ഇസ്ലാമാബാദ് ജുഡീഷ്യല്‍ കോംപ്ലക്സ് ഇസ്ലാമാബാദില്‍. അവിടെ ഐഎസ്ഐ കെട്ടിടത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, മൂന്നാമത്തെ വധശ്രമം നടക്കുകയാണ്,’ ഖാന്‍ കോടതിയില്‍ പറഞ്ഞു. 70 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തനിക്കെതിരെ ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമാണ് ഈ കേസുകളെല്ലാം ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.