കൊല്ലത്തെ തീപിടുത്തത്തിന് പിന്നിൽ ഗുരുതര അനാസ്ഥ.

0
53

പാലക്കാട്: മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിന് കാരണം കോർപ്പറേഷന്‍റെ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്. 2022ലെ ഫയർ ഓഡിറ്റിൽ നൽകിയ നിർദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ട്. സമാനമായ വീഴ്ച തുമ്പയിലും ഉണ്ടായതെന്നാണ് ഫയർഫോഴ്‍സിന്‍റെയും ഒപ്പം പൊലീസിന്‍റെയും വിലയിരുത്തൽ.

ഒരാഴ്ചക്കിടെയുണ്ടായ രണ്ട് വൻ തീപിടുത്തങ്ങൾ. രണ്ടിലും മെഡിക്കൽ സർവ്വീസസ് കോർപ്പേറഷൻ പ്രതിക്കൂട്ടിലാണ്. കെഎംഎസ് സിഎലിൻ്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ട്. 2022ൽ സംഭരണകേന്ദ്രത്തിൽ ഫയർഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകൾ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നൽകിയിരുന്നു. തീ പിടുത്തം ഉണ്ടായാൽ അണക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്‍സിഎൽ ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ഒന്നും നടപ്പാക്കിയില്ല. അതാണ് തീ പിടുത്തത്തിൻ്റെ കാരണമെന്നാണ് ഫയർഫോഴ്സ് മേധാവി സർക്കാറിന് നൽകിയ റിപ്പോർട്ട്.

സുരക്ഷാ ഓഡിറ്റ് നിർദ്ദേശം കൊല്ലത്തും മറ്റ് കേന്ദ്രങ്ങളിലും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നടപ്പാക്കത്താണ് ആവർത്തിച്ചുള്ള അപകടത്തിൻ്റെ കാരണം. എൻഒസി ഇല്ലാതെ പ്രവർത്തിച്ച തുമ്പയിലെ കേന്ദ്രത്തിലെ തീപിടുത്തത്തിനും കാരണം വീഴ്ചയെന്നാണ് ഫയർഫോഴ്സിൻറെ പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്.
ബ്ലീച്ചിംഗ് പൗഡറിനൊപ്പം തീ പിടിക്കാവുന്ന ഒരുപാട് മറ്റ് വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. കാലാവധി തീർന്ന മരുന്നുകളും ഇവിടെ സൂക്ഷിച്ചതും വീഴ്ചയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ പ്രോട്ടോക്കോൾ പ്രകാരം നശിപ്പിച്ചിരുന്നില്ല. ടർപ്പൻറെയിൻ, സർജിക്കൽ സ്പിരിറ്റ് അടക്കം തീ പിടുത്തമുണ്ടായാൽ ആളിപ്പടരാനുള്ള 17 വസ്തുക്കൾ തുമ്പയിലെ കേന്ദ്രത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചാണ് ഈ വിലയിരുത്തൽ.

ചൂട് കൂടിയാൽ പോലും അപകടത്തിന് വലിയ സാധ്യതയുണ്ടായിട്ടും സുരക്ഷ ഒരുക്കിയില്ല. രണ്ടിടത്തും സമാന രീതിയിലാണ് തീ പിടുത്തമുണ്ടായെന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണ സാധ്യതയുണ്ട്. പ്രതിപക്ഷം ഇതിനകം അട്ടിമറി ആരോപണം കൂടി ഉന്നയിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here