ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെയും വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്‍ലിയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി സിനിമാ താരങ്ങളും. ‘കിങ് കോഹ്‍ലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി എത്തുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, വിഗ്നേഷ് ശിവൻ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്.
‘ഒരു സമ്പൂർണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ദി കിങ്’ എന്ന് കുറിച്ച് വിരാട് കോഹ്‍ലിയെ ടാഗ് ചെയ്തായിരുന്നു പൃഥ്വിരാജിന്റെ അഭിനന്ദനം.
‘എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് ദുൽഖർ കുറിച്ചത്. തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നായിരുന്നു നിവിൻ പോളിയുടെ കുറിപ്പ്.