യുഎസ്സിലൊരു സ്ത്രീ മൂന്ന് ടയറിൽ കാറുമോടിച്ച് ഏറെദൂരം പോയത് വാർത്ത ആയിരിക്കുകയാണ്. യുഎസിലെ കാലിഫോർണിയയിലെ ഇർവിനിലെ 405 ഫ്രീവേയിലാണ് ഒരു സ്ത്രീ എസ്‌യുവി ഓടിച്ച് പോകുന്നത്. അതിന് മുന്നിലത്തെ ഒരു ടയറില്ല, മാത്രവുമല്ല അതിന്റെ ഡിക്കി തുറന്നിരിക്കുകയുമാണ്. കണ്ടാൽ പേടി തോന്നുന്നതാണ് വീഡിയോ.
അടുത്തുള്ള ഒരു വാഹനത്തിൽ പോകുന്ന ആളായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോയിൽ ഫ്രീവേയിലൂടെ ഒരു സ്ത്രീ ഒരു കറുത്ത ഓഡിയുമായി പോവുകയാണ്. മുൻവശത്തെ ടയറിൽ നിന്നും തീ പാറുന്നുണ്ട്. എന്നാൽ, സ്ത്രീ അതൊന്നും അറിഞ്ഞ മട്ട് പോലും കാണുന്നില്ല. അധികം വൈകാതെ മറ്റൊരു വണ്ടിയുടെ പിന്നിൽ വന്ന് ഇടിച്ച് വണ്ടി നിൽക്കുന്നത് വരെ സ്ത്രീ ഇതൊന്നും ഗൗനിച്ചില്ല.
അതുവഴി മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ചാഡ് ടവേഴ്സി എന്നയാളാണ് വീഡിയോ പകർത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലായ @OCInstaNews വഴി പ്രശസ്തനാണ് ചാഡ് ടവേഴ്‌സി. ഇയാൾ, സ്ത്രീയുടെ തൊട്ടരികിലെത്തുന്നതും വീഡിയോയിൽ മനസിലാക്കാം.
‘ഇവിടെ എന്താണ് സംഭവിക്കുന്നത്. ഇവിടെ 405 ഫ്രീവേയിൽ അപകടകരമായ ഒരു കാര്യം നടക്കുകയാണ്’ എന്ന് ടവേഴ്സി പറയുന്നതും വീഡിയോയിൽ കേൾക്കാം. അവസാനം അപകടം നടന്ന ശേഷം സ്ത്രീ കാർ നിർത്തി പുറത്തിറങ്ങാൻ ശ്രമിക്കുന്നത് കാണാം.