പാറ്റ്‌ന: അർദ്ധവാർഷിക പരീക്ഷ എഴുതുന്നതിനിടെ മേശയിൽ നിന്ന് ലഭിച്ച കോപ്പിയടിക്കാനെഴുതിയ പേപ്പർ പ്രണയലേഖനമാണെന്ന് തെറ്റിദ്ധരിച്ചതിന്റെ പേരിൽ നടന്നത് ക്രൂരമായ കൊലപാതകം. ‘ലവ് ലെറ്റർ’ ലഭിച്ച വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ 12 വയസ്സുകാരനെ അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് സംഭവം. സമീപത്തെ റെയിൽവേ ട്രാക്കിൽ ചിതറിക്കിടന്ന നിലയിലാണ് 12 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദയ കുമാർ എന്ന കുട്ടിയാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ഒക്‌ടോബർ 13-ന് ദയ കുമാർ തന്റെ സഹോദരിയെ അർദ്ധ വാർഷിക പരീക്ഷ എഴുതാൻ സ്കൂളിലേക്ക് കൊണ്ടുവന്നതായിരുന്നു. ഇവരുടെ ബന്ധു അതേ സ്കൂളിൽ ആറാം ക്ലാസിൽ പഠിച്ചിരുന്നു. പരീക്ഷ തുടങ്ങിയപ്പോൾ, കുട്ടി തന്റെ സഹോദരിയെ പരീക്ഷയിൽ സഹായിക്കുന്നതിനായി ഉത്തരമെഴുതിയ പേപ്പർ ചുരുട്ടി എറിഞ്ഞു. ഇത് അബദ്ധത്തിൽ മറ്റൊരു പെൺകുട്ടിയുടെ അടുത്താണ് ചെന്ന് വീണത്. ഇത് 12 കാരൻ തനിക്കെഴുതിയ ലവ് ലെറ്റർ ആണെനന് തെറ്റിദ്ധരിച്ച പെൺകുട്ടി ഇത് അവളുടെ സഹോദരങ്ങളെ അറിയിച്ചു.
പെൺകുട്ടിയുടെ സഹോദരന്മാർ സ്ഥലത്തെത്തി കുട്ടിയെ മർദിക്കുകയും തട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെയും ഇരയുടെ കുടുംബാംഗങ്ങളെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം കുട്ടിയുടെ ശരീരഭാഗങ്ങൾ റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഉദ്‌വന്ത്‌നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
അറസ്റ്റിലായവരിൽ നാല് പ്രായപൂർത്തിയാകാത്തവരും പെൺകുട്ടിയുടെ മുതിർന്ന കുടുംബാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ റിമാൻഡ് ഹോമുകളിലേക്ക് അയച്ചക്കുകയും മുതിർന്നവരെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണ്.