തിരുവനന്തപുരം• സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കു സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കരുതെന്നും ഇക്കാര്യം നിർമാതാക്കൾ ശ്രദ്ധിക്കണമെന്നും ഹേമ കമ്മിഷൻ റിപ്പോർട്ട്. റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ ചർച്ച ചെയ്തു. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമനിർമാണം നടത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി യോഗം വിളിച്ചത്.
സിനിമാ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും പാടില്ലെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ ഷൂട്ടിങ് സ്ഥലത്ത് നിയമിക്കരുതെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. സിനിമയിൽ തുല്യവേതനം ഉറപ്പാക്കണം. സിനിമാ മേഖലയിൽ എഴുതി തയാറാക്കിയ കരാർ നിർബന്ധമാക്കണം. സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓഡിഷനു നിയന്ത്രണം വേണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. ബന്ധപ്പെട്ട സംഘടനയിൽ റജിസ്റ്റർ ചെയ്ത നിർമാതാവിനു മാത്രമേ ഇതിന് അധികാരമുണ്ടാകാവൂ. സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം തടയാൻ നടപടി സ്വീകരിക്കണം. സിനിമാ മേഖലയിലെ സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെയും ഫാൻസ് ക്ലബ്ബുകളിലൂടെയും മറ്റു തരത്തിലും അവഹേളിക്കുന്നത് തടയാൻ നടപടി വേണം.
എന്തെങ്കിലും കാരണത്താൽ ഒരാളെ സിനിമാ ജോലിയിൽനിന്ന് വിലക്കുന്നത് തടയണം. അസി.പ്രൊഡ്യൂസർമാർക്കു മിനിമം വേതനം ഉറപ്പാക്കണം. സിനിമകൾക്കായി ലോണുകൾ അനുവദിക്കാൻ ഏക ജാലക സംവിധാനം നടപ്പിലാക്കണം. ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കണം. മികച്ച വനിതാ പ്രൊഡ്യൂസർക്ക് അവാർഡ് നൽകണം. ശക്തമായ പരാതി പരിഹാര സംവിധാനം കൊണ്ടുവരണം. ഫിലിം പഠന കേന്ദ്രങ്ങളിൽ സ്ത്രീകൾക്കു സീറ്റ് സംവരണം നടപ്പിലാക്കണം. ടെക്നീഷ്യനായി കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്കുണ്ടാകണമെന്നും കമ്മിഷൻ നിർദേശിക്കുന്നു. യോഗത്തിൽ ഡബ്ല്യുസിസിയിൽനിന്നു പത്മപ്രിയ, ബീനാ പോൾ എന്നിവരും അമ്മയിൽനിന്ന് ഇടവേള ബാബു, സിദ്ദിഖ്, മണിയൻ പിള്ള രാജു എന്നിവരും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും പങ്കെടുത്തു.