ബീഹാറിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 28 മുതൽ

0
93

ബീഹാര്‍ നിയമസഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരെഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മൂന്ന് ഘട്ടമായാണ് പോളിംഗ്. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിങ്ങനെ മൂന്ന് ദിവസമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.

71 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരെഞ്ഞെടുപ്പ് ഒക്ടോബര്‍ 28 നും തൊണ്ണൂറ്റിനാല് മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിംഗ് നവംബര്‍ മൂന്നിനും എഴുപത്തിയെട്ട് മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട പോളിംഗ് നവംബര്‍ ഏഴിനും നടത്താന്‍ തീരുമാനമായി.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും സുനില്‍ അറോറ അറിയിച്ചു

വോട്ടര്‍മാര്‍ക്ക് സുരക്ഷ പ്രധാന വെല്ലുവിളിയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സാമൂഹിക അകലം പാലിക്കാന്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി. ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരുടെ പോളിംഗ്.

 

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. ഒരു ബൂത്തില്‍ പരമാവധി ആയിരം പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരം നല്‍കുക. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഒരുക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രം മതിയെന്നും സുനില്‍ അറോറ നിര്‍ദേശിച്ചു.

 

ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസര്‍, 46 ലക്ഷം മാസ്‌കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം ഫേസ് ഷില്‍ഡുകള്‍, 23 ലക്ഷം ഹാന്‍ഡ് ഗ്ലൗസുകള്‍ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന 7.2 കോടി ഹാന്‍ഡ് ഗ്ലൗസുകളും വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യുമെന്നും സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കും. കൊവിഡ് രോഗികള്‍ക്ക് അവസാന മണിക്കൂറിലായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. വോട്ടര്‍മാര്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here